- എസ്. കുമാര്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കേരള ഹൈക്കോടതി, ചരമം, വിദ്യാഭ്യാസം
തിരുവനന്തപുരം: നമ്മുടെ ഉത്സവങ്ങൾക്കും ആഘോഷങ്ങള്‍ക്കും ആഢ്യത്വം പകരുന്ന ആനകള്‍ കടുത്ത വംശനാശ ഭീഷണിയില്‍ എന്ന് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ആന ഇടം പിടിച്ചിരിക്കുന്നത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫ്രണ്ട് (ഡബ്ലിയു. ഡബ്ലിയു. എഫ്.) പ്രസിദ്ധീകരിച്ച കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയുടെ ഭാഗമായി മനുഷ്യരില്‍ നിന്നും നേരിടുന്ന ആക്രമണങ്ങളും, ആഗോള താപനവും, കാടുകള്‍ നശിപ്പിക്കപ്പെടുന്നതും ഒപ്പം ഭക്ഷ്യ ക്ഷാമവുമൊക്കെ ഇവയുടെ വംശനാശത്തിനു വഴി വെയ്ക്കുന്നു. അനധികൃതമായ വേട്ടയും ആനയുടെ നിലനില്പിനു ഭീഷണിയാകുന്നു.
കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആനകളുടെ മരണങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ ശരി വെയ്ക്കുന്നു. വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടാനകള്‍ വിഷം അകത്തു ചെന്നും ഷോക്കടിച്ചും ചെരിയുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. പലപ്പോഴും കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനയെ ബോധപൂര്‍വ്വം കൊല്ലുന്നവര്‍ക്കെതിരെ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല. കൂടാതെ ശരാശരി ഇരുപത്തഞ്ചോളം നാട്ടാനകള്‍ ഓരോ വര്‍ഷവും ചെരിയുന്നുണ്ട്. അറുന്നൂറില്‍ താഴെ മാത്രം വരുന്ന നാട്ടാനകള്‍ ആണ് കേരളത്തില്‍ ഉള്ളത്. ഉത്സവാവശ്യങ്ങള്‍ക്കാണ് ഇവയില്‍ അധികവും നിയോഗിക്കപ്പെടുന്നത്. അശാസ്ത്രീയമായ പരിചരണവും യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന അപകടവുമാണ് നാട്ടാനകളുടെ ജീവൻ അപഹരിക്കുന്നതില്‍ പ്രധാന കാരണം. കൂടാതെ എരണ്ടക്കെട്ട് പോലുള്ള അസുഖങ്ങളും ആനകളുടെ മരണത്തിനു കാരണമാകുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ആനകളുടേ ചികിത്സാ രംഗത്ത് കേരളം മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും അപകടത്തില്‍ പെട്ടാല്‍ അവയെ വേണ്ട രീതിയില്‍ പരിചരിക്കുവാന്‍ ഉള്ള ആധുനിക സൌകര്യങ്ങള്‍ ഇനിയും ആയിട്ടില്ല എന്നത് ദുഃഖ സത്യമാണ്. ഡോ. ടി. എസ്. രാജീവ്, ഗിരിദാസ്, ജേക്കബ് ചീരന്‍ തുടങ്ങിയ പ്രഗല്‍ഭര്‍ ഈ രംഗത്തുണ്ടെങ്കിലും സൌകര്യങ്ങളുടെ പോരായ്മ ആന ചികിത്സാ രംഗത്ത് ഇവര്‍ക്ക് വലിയ പ്രതിസന്ധി തീര്‍ക്കുന്നത്. അപകടത്തില്‍ പെട്ടോ അസുഖം ബാധിച്ചോ വീണു പോകുന്ന ആനകളെ എണീപ്പിച്ച് നിര്‍ത്തി ചികിത്സ നടത്തുന്നതിനോ ആന്തരിക അവയവങ്ങളുടെ ക്ഷതം സംബന്ധിച്ച് അറിയുന്നതിനായി സ്കാനിങ്ങ്, എക്സ്‌റേ ഉള്‍പ്പെടെ ഉള്ളവ നടത്തുന്നതിനോ സൌകര്യങ്ങള്‍ കേരളത്തിൽ ഇല്ല.
- എസ്. കുമാര്‍
വായിക്കുക: ആനക്കാര്യം
തിരുവനന്തപുരം : കലാ – സാഹിത്യ – മാധ്യമ രംഗങ്ങളിലുള്ള അന്ധകാര ശക്തികള്‍ക്കെതിരേ, സമൂഹത്തെ ജനാധിപത്യ വല്‍ക്കരണത്തിലേക്കും പുരോഗമന ദിശയിലൂടെ മാനവികതയിലേക്കും പ്രകൃതി രക്ഷയിലേക്കും നയിക്കുന്ന ഒരു ബദല്‍ ഇടപെടലിന്റെ ആവശ്യകത ഇന്ന് അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നു. മണ്‍മറഞ്ഞ നവോത്ഥാന സാംസ്കാരിക സുമനസ്സുകളുടെ കര്‍മ ജന്മ ഭൂമികളിലൂടെ തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡു വരെ ഒരു ജനകീയ സാംസ്കാരിക ജാഥ നടത്തുന്നതിന്റെ സാദ്ധ്യതയും മുന്നൊരുക്കങ്ങളേയും കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ഒരു സാംസ്കാരിക സംഗമം സെപ്റ്റംബർ മുപ്പതിനു മൂന്നു മണിക്കു മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം വലമ്പൂര്‍ റോഡിലുള്ള കല്ല്യാണിപ്പാറ ഞെരളത്ത് കലാശ്രമത്തില്‍ വെച്ച് ചേരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : കെ. വി. പത്മൻ, culturalforum2010@gmail.com, ഫോൺ : 9847361168, 9446816933
- ഫൈസല്‍ ബാവ
വായിക്കുക: കല, പ്രതിരോധം, സാംസ്കാരികം, സാഹിത്യം
കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്സ് ബിയിലെ ഗ്രൂപ്പ് പോരിന് ഒടുവില്‍ മകനും മന്ത്രിയുമായ കെ.ബി.ഗണേശ് കുമാറിനെ തളക്കുവാന്‍ പിതാവും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള നേരിട്ട് തെരുവിലിറങ്ങി. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് ആദ്യം ആശുപത്രിയിലും പിന്നീട് യു. ഡി. എഫ്. സര്‍ക്കാറിന്റെ അധികാരം ഉപയോഗിച്ച് ശിക്ഷയിളവ് വാങ്ങി പുറത്തിറങ്ങിയ “അവശനായ” പിള്ളയെ അല്ല പൊതു ജനം കണ്ടത്. മറിച്ച് വാര്‍ദ്ധ്യക്യത്തിലും ഒരു പോരിനുള്ള കരുത്ത് തന്നില്‍ അവശേഷിച്ചിട്ടുണ്ടെന്ന് സ്വയം വിളിച്ചു പറയുന്ന പിള്ളയെ ആയിരുന്നു. കേരള കോണ്‍ഗ്രസ് ബി ഗണേശ് കുമാര്‍ വിഭാഗം കോട്ടപ്പുറം നിസ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗ സ്ഥലത്തേക്ക് പിള്ള വിഭാഗം പ്രതിഷേധ മാര്‍ച്ചുമായി എത്തിയതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു. മാര്‍ച്ച് യോഗ സ്ഥലത്തിന് അടുത്തെത്തിയതോടെ നായക സ്ഥാനം പിള്ള ഏറ്റെടുത്തു. ഗണേശ് കുമാര്‍ വിഭാഗം സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും കൊടി തോരണങ്ങളും പിള്ള വിഭാഗക്കാര്‍ നശിപ്പിക്കുവാനും ആരംഭിച്ചിരുന്നു.
പുത്രനെതിരെ പിതാവ് രാഷ്ടീയ പട നയിക്കുന്ന കാഴ്ച കാണികള്‍ക്ക് കൌതുകമായെങ്കിലും രംഗം പന്തിയല്ലെന്ന് കണ്ട പോലീസുകാര്‍ പ്രകടനത്തെ തടഞ്ഞു. ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായാല്‍ അത് തെരുവു യുദ്ധമായി മാറിയേക്കും എന്ന് അവര്‍ പിള്ളയെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. “എന്റെ പാര്‍ട്ടിയുടെ യോഗമാണു നടക്കുന്നത്. ഞാന്‍ അകത്തു കയറും. എന്തു സംഭവിക്കും എന്ന് നോക്കട്ടെ” – പുറകോട്ടില്ലെന്ന നിലപാടില്‍ പിള്ള ഉറച്ചു നിന്നു. ഇതിനിടയില്‍ പ്രധാന റോഡുകളില്‍ അടക്കം വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു.
ഒളിഞ്ഞു തെളിഞ്ഞും പ്രസ്ഥാവനകളിലൂടെയും പ്രവര്‍ത്തകരിലൂടെയും പരസ്പരം പോരടിച്ചിരുന്ന പിള്ളയും പുത്രനും പോര്‍ വിളിയുമായി പരസ്യമായി രംഗത്തെത്തിയതോടെ യു. ഡി. എഫ്. നേതൃത്വം വെട്ടിലായി. ഒടുവില്‍ യു. ഡി. എഫ്. നേതൃത്വം ഇടപെട്ട് ഗണേഷ് കുമാറിന്റെ ഉദ്ഘാടന പ്രസംഗം മൊബൈല്‍ ഫോണിലൂടെ ആക്കി.
മന്ത്രി വന്നില്ലെങ്കിലും യോഗം നടന്നു എന്ന് ഗണേശ് വിഭാഗവും ഗണേശനെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ലെന്ന ആശ്വാസത്തില്‍ പിള്ള വിഭാഗവും പിരിഞ്ഞു പോയി. തത്വത്തില്‍ ഇരു പക്ഷത്തിനും തങ്ങളാണ് വിജയിച്ചതെന്ന് തല്‍ക്കാലത്തേക്ക് ആശ്വസിക്കാം.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, രാഷ്ട്രീയ അക്രമം