ന്യൂഡല്‍ഹി : ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് സി. ബി. ഐ. അന്വേഷിക്കേണ്ടതില്ലെന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ. സി. ബി. ഐ. അന്വേഷണത്തിനുള്ള നീക്കം ഗൂഢ ലക്ഷ്യത്തോടെ ഉള്ളതാണെന്നും, പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ പ്രതികളാക്കുവാനാണ് ശ്രമമെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ടി. പി. വധക്കേസില്‍ പോലീസ് അന്വേഷണം നടത്തിയതാണെന്നും ആ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും നിയമം ആ വഴിക്ക് പോകുകയും വേണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ടി. പി വധത്തില്‍ സി. പി. എമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇവരെ കണ്ടെത്തുവാന്‍ കേസ് സി. ബി. ഐ. അന്വേഷിക്കണമെന്നും ഉള്ള ടി. പി. യുടെ ഭാര്യ രമയുടെ ആവശ്യത്തെ അനുകൂലിച്ച് വി. എസ്. അച്യുതാനന്ദനും ഏത് ഏജന്‍സി അന്വേഷിച്ചാലും വിരോധമില്ലെന്ന് സീതാറാം യച്ചൂരിയും പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം പി. ബി. ചര്‍ച്ച ചെയ്യുകയും ചെയ്തു. സി. ബി. ഐ. അന്വേഷണത്തിനെതിരെ കേരള ഘടകം ശക്തമായി വിയോജിച്ചു. തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ സി. ബി. ഐ. അന്വേഷണത്തെ എതിര്‍ക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഇതോടെ ടി. പി. വധവുമായി ബന്ധപ്പെട്ടുള്ള സി. ബി. ഐ. അന്വേഷണത്തെ സംബന്ധിച്ച് സംസ്ഥാന തലത്തിലെന്ന പോലെ കേന്ദ്ര തലത്തിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു എന്ന് വ്യക്തമായി. ജില്ലാ നേതാക്കന്മാര്‍ അടക്കം നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും ടി. പി. വധക്കേസില്‍ ഉള്‍പ്പെട്ടിട്ടും പാര്‍ട്ടിക്ക് ടി. പി. വധത്തില്‍ പങ്കില്ലെന്നാണ് സി. പി. എം. നിലപാട്.
ടി. പി. വധക്കേസില്‍ സി. പി. എം. സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിലപാടാണ് പി. ബി. യുടേതെന്ന് ടി. പി. യുടെ ഭാര്യ രമ പറഞ്ഞു.