കൊച്ചി: മുസ്ലിം ലീഗ് എം. എല്‍. എ പി.കെ.ബഷീറിനെതിരായ കേസ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. 2008-ല്‍ എടവണ്ണയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസാണ് യു. ഡി. ഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പിന്‍വലിച്ചത്. എം. എല്‍. എ യ്ക്കെതിരായ കേസ് പിന്‍വലിച്ചതിനെതിരെ ഒരു സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസയച്ചത്.
എല്‍. ഡി. ഫ് ഭരണകാലത്ത് സ്കൂള്‍ പാഠപുസ്തകത്തില്‍ മതേതരമായ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വിവാദമാകുകയും തുടര്‍ന്ന് പാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപെട്ട് നടന്ന സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ ഒരു അധ്യാപകന്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സാക്ഷിപറഞ്ഞാല്‍ കൈകാര്യം ചെയ്യുമെന്ന രീതിയില്‍ ബഷീര്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. ഇതാണ് പിന്നീട് അദ്ദേഹത്തിനെതിരെ കേസെടുക്കുവാന്‍ ഇടയാക്കിയത്.