മലയാളികള്‍ക്ക് എക്കാലത്തും മനസ്സില്‍ സൂക്ഷിക്കുവാന്‍ ഹൃദ്യമായ നിരവധി ഈണങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു വൈകീട്ട് എട്ടരയോടെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചു വേദനയെ തുടര്‍ന്ന് ചെന്നൈ കാട്ടു പാക്കത്തെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 1953 മാര്‍ച്ച് ഇരുപത്താറിന് തൃശ്ശൂര്‍ നെല്ലിക്കുന്നിലായിരുന്നു ജോണ്‍സന്റെ ജനനം. ചെറുപ്പം മുതലേ സംഗീതത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഗിത്താറും ഹാര്‍മോണിയവുമായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ പ്രിയം. വോയ്സ് ഓഫ് ട്രിച്ചൂര്‍ എന്ന പേരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സംഗീത ട്രൂപ്പ് അദ്ദേഹം രൂപീകരിച്ചു. വളരെ പെട്ടെന്ന് തന്നെ ഈ ട്രൂപ്പ് കേരളത്തിലൊട്ടാകെ ഏറെ പ്രസിദ്ധിനേടി.
ഗായകന്‍ ജയചന്ദ്രന്‍ വഴി പിന്നീട് ദേവരാജന്‍ മാഷെ പരിചയപ്പെട്ടു. മാഷുടെ ശിഷ്യനായി മാറിയ ജോണ്‍സണ്‍ ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സിനിമയിലേക്ക് കടന്നു വന്നു. ഭരതന്റെ അടുത്ത ചിത്രങ്ങളായ തകര, ചാമരം എന്നിവയ്ക്കു വേണ്ടിയും പശ്ചാത്തല സംഗീതം ഒരുക്കുവാന്‍ അദ്ദെഹത്തിനു അവസരം ലഭിച്ചു. ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ‘ഇണയെ തേടി‘ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി സ്വതന്ത്ര സംഗീത സംവിധാകന്റെ വേഷമണിഞ്ഞു. ഈ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും ഹിറ്റുകളായി. കൂടെവിടെ എന്ന ചിത്രത്തിലൂടെ പത്മരാജനൊപ്പം ഒത്തു ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പതിനേഴ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ഒരുക്കി. ഞാന്‍ ഗന്ധര്‍വ്വനായിരുന്നു പത്മരാജനു വേണ്ടി അവസാനം ഈണമിട്ട ചിത്രം. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ജോണ്‍സണ്‍ മാഷ് ഏറ്റവും അധികം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ളത്. ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒരുമിച്ചു. കിരീടം എന്ന ചിത്രത്തിനായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് ജോണ്‍സണ്‍ മാഷ് ഈണമിട്ട കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി.. എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ്.
ഓര്‍മ്മക്കായി എന്ന ചിത്രത്തിലൂടെയാണ് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ജോണ്‍സണ് ലഭിക്കുന്നത്. 1994-ല്‍ പൊന്തന്മാടക്കും, 95-ല്‍ സുകൃതത്തിനും മികച്ച പശ്ചാത്ത സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അഞ്ചോളം സംസ്ഥാന പുരസ്കാരങ്ങള്‍ നേടി. കിരീടം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പൊന്തന്മാട, ഞാന്‍ ഗന്ധര്‍വ്വന്‍, വടക്കു നോക്കിയന്ത്രം, പെരുന്തച്ചന്‍, അമരം, തകര, ചാമരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തുടങ്ങി ഏകദേശം മുന്നൂറോളം ചിത്രങ്ങള്‍ക്ക് സംഗീത മൊരുക്കിയിട്ടുണ്ട്. കാണാകൊമ്പത്താണ് ജോണ്‍സണ്‍ മാഷ് അവസാനമായി ഈണമിട്ട റിലീസ് ചെയ്ത ചിത്രം. പശ്ചാത്തല സംഗീതമൊരു ക്കുന്നതിലും ജോണ്‍സണ്‍ ഏറെ മികവ് പ്രകടിപ്പിച്ചിരുന്നു. അമരം, കിരീടം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പൊന്തന്മാട, സുകൃതം, ചമയം, മഴവില്‍ക്കാവടി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിടുണ്ട്.
റജി ജോണ്‍സണ്‍ ആണ് ഭാര്യ, ഷാന്‍, റെന്‍ എന്നിവര്‍ മക്കളാണ്. നാളെ മൃതദേഹം സംസ്കാരത്തിനായി തൃശ്ശൂരിലേക്ക് കോണ്ടുവരും.