മുത്തങ്ങ: കാട്ടാനകളെ നിരീക്ഷിക്കുന്നതിനായി റേഡിയോ കോളര് സംവിധാനം മുത്തങ്ങയിലെ ഒരു കാട്ടു കൊമ്പനില് പിടിപ്പിച്ചു. ഡോക്ടര്മാരും വനപാലകരുമടങ്ങുന്ന നാല്പതോളം വരുന്ന സംഘമാണ് മുപ്പത്തഞ്ചിനും നാല്പതിനും ഇടയില് പ്രായം വരുന്ന കൊമ്പനെ മയക്കുവെടി വെച്ച് വീഴ്ത്തി ഈ ഉപകരണം ഘടിപ്പിച്ചത്. ഇന്നലെ രാവിലെ സംഘം മുത്തങ്ങ വനത്തിലെ തേക്കിന് കൂപ്പില് വച്ച് ആനയെ വെടി വെച്ചു. വെടി കൊണ്ട കൊമ്പന് രണ്ടു കിലോമീറ്ററോളം ദൂരം ഓടി കല്ലൂര് പുഴ മുറിച്ചു കടന്നതിനു ശേഷം തെക്കും പാറ ഭാഗത്തു വെച്ച് മയങ്ങി വീണു. പിന്തുടര്ന്നെത്തിയ സംഘം ആനയെ വടങ്ങള് കൊണ്ട് ബന്ധിച്ചു. തുടര്ന്ന് ഡോക്ടര്മാര് ആനയെ പരിശോധിച്ച് ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തി. അതിനു ശേഷം റേഡിയോ കോളര് ഘടിപ്പിച്ചു. തുടര്ന്ന് മയക്കം വിടുന്നതിനായി മരുന്ന് കുത്തി വെച്ചു. മയക്കമുണര്ന്ന ആന ഉള്ക്കാട്ടിലേക്ക് തിരിച്ചു പോയി.
റേഡിയോ കോളറില് നിന്നും വരുന്ന സിഗ്നലുകള് കയ്യില് കൊണ്ടു നടക്കാവുന്ന മറ്റൊരു ഉപകരണത്തിന്റെ സഹായത്തോടെ സ്വീകരിച്ച് ആനകളുടെ സഞ്ചാര പഥം അറിയുന്നതിനും അവയുടെ ജീവിത രീതിയെ പറ്റി കൂടുതല് പഠിക്കുന്നതിനും ഉപയോഗിക്കുവാന് സാധിക്കും. ജി. പി. എസ്. (ഗ്ലോബല് പൊസിഷനിങ്ങ് സിസ്റ്റം) ഈ ഉപകരണത്തില് ഉണ്ട്. ഇത് ഉപഗ്രഹവുമായി സിഗ്നലുകള് വഴി ബന്ധിപ്പിച്ചിരിക്കുന്നു. കൃത്യമായി ആന എവിടെ നില്ക്കുന്നു എന്നു ഇതിന്റെ സഹായത്തോടെ കണ്ടു പിടിക്കുവാനാകും. ആനയുടെ ആരോഗ്യ പ്രശ്നങ്ങളും മനസ്സിലാക്കുവാന് ഈ ഉപകരണം സഹായകമാണ്. കൂടാതെ ഇന്റര്നെറ്റുമായി ബന്ധിപ്പിച്ച് എവിടെയിരുന്നും റേഡിയോ കോളറില് നിന്നും ഉള്ള വിവരങ്ങള് അറിയുവാന് കഴിയും. വൈല്ഡ് ലൈഫ് വാര്ഡന് വി. കെ. ശ്രീവത്സന്, ഡോ. അജയ് ദേശായി, ഡോ. അരുണ് സക്കറിയ തുടങ്ങിയവര് ദൌത്യത്തിനു നേതൃത്വം നല്കി. നിലവില് രണ്ട് ആനകളില് റേഡിയോ കോളര് ഘടിപ്പിക്കുവാനാണ് ആലോചന. അടുത്ത ആനയെ ചെതലയം ഭാഗത്തു നിന്നായിരിക്കും തിരഞ്ഞെടുക്കുക.