തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പ്രസവങ്ങളില്‍ സിസേറിയന്‍ വര്‍ദ്ധിച്ചുവരുന്നത് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പ്രസവ ശസ്‌ത്രക്രിയകള്‍ക്ക് ഇനി ഓഡിറ്റിംഗ് ഏര്‍പ്പെടുത്തും.
സാധാരണ പ്രസവം തങ്ങളുടെ അവകാശമാണെന്ന് ഗര്‍ഭിണികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ഇത് എങ്ങനെ പ്രാവര്‍ത്തികം ആക്കാം എന്നതിനെ കുറിച്ച് ഗര്‍ഭിണിക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ അറിവുകള്‍ നല്‍കണം. സുഖ പ്രസവത്തിന് വേണ്ടിയുള്ള വ്യായാമമുറകള്‍, പ്രസവ വേദന, പ്രസവസംബന്ധമായ മറ്റു കാര്യങ്ങള്‍ എന്നിവയിലെല്ലാം ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കണം.
അത്യാവശ്യ ഘട്ടത്തില്‍ മാത്രമെ സിസേറിയനെ ആശ്രയിക്കാവൂ. സാധാരണ പ്രസവത്തെക്കാള്‍ സിസേറിയനാണ് സുരക്ഷിതമെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. ഒരു മേജര്‍ ശസ്ത്രക്രിയയായ സിസേറിയനില്‍ സങ്കീര്‍ണതകള്‍ ഏറെയുണ്ട്. സിസേറിയന്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ വിദഗ്ദ്ധാഭിപ്രായം കണക്കിലെടുത്ത് മാത്രമേ സിസേറിയന്‍ വേണമോയെന്ന് തീരുമാനിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗികളുടെ കേസ് റിക്കോര്‍ഡുകള്‍ എല്ലാ ആശുപത്രികളിലും സൂക്ഷിക്കണം. സങ്കീര്‍ണമായ ഗര്‍ഭാവസ്‌ഥയുടേയും ശസ്‌ത്രക്രിയയിലൂടെ അടക്കമുള്ള പ്രസവങ്ങളുടെയും പ്രതിമാസ ക്ലിനിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രികളില്‍ തയാറാക്കണം. ഇത് എല്ലാ മാസവും ആദ്യ പ്രവൃത്തി ദിനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഗര്‍ഭിണിക്ക് മനോധൈര്യം പകരാന്‍ പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ പ്രസവമുറിയില്‍ ബന്ധുവായ സ്‌ത്രീയെക്കൂടി നില്‍ക്കാന്‍ അനുവദിക്കണമെന്നും മാര്‍ഗനിര്‍ദേശമുണ്ട്