കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ സി.പി.എം നേതാവ് ക്രൈംബ്രാഞ്ചിനു കീഴടങ്ങി. പുത്തന്‍കുരിശ് ലോക്കല്‍ കമ്മറ്റി അംഗവും കൊച്ചിന്‍ റിഫൈനറി ജീവനക്കാരനുമായ കെ.എം.എല്‍ദോയാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് കീഴടങ്ങിയത്. പെണ്‍കുട്ടിയെ പീഠിപ്പിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുവാന്‍ എല്‍ദോയുടെ കാറ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയെ പീഠിപ്പിച്ച കേസില്‍ മറ്റൊരു സി.പി.എം നേതാവ് കഴിഞ്ഞ ദിവസം അറസ്റ്റില്‍ ആയിരുന്നു. സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന തോമസ് വര്‍ഗ്ഗീസാണ് നേരത്തെ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം സ്വരാജ് എന്നൊരു ഡ്രൈവറേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് തോമസ് വര്‍ഗ്ഗീസിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സി.പി.എം നീക്കിയിരുന്നു.



തൃപ്പൂണിത്തുറ: പാപ്പാന്മാരുമായി പിണങ്ങി ചമ്പക്കര പുഴയില്‍ ഇറങ്ങിയ കൊമ്പനെ കരയ്ക്കു കയറ്റി. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് തൃപ്പൂണിത്തുറ ദേവസ്വം വക രവിപുരം ഗോവിന്ദന്‍ എന്ന ആന ഇടഞ്ഞത്. ഏറെ നേരം പുഴയില്‍ മുങ്ങിക്കിടന്ന ആന കരയ്ക്കു കയറുവാന്‍ വിസമ്മതിച്ചു. ഒരവസരത്തില്‍ ആനയുടെ തുമ്പിയും മുതുകും മാത്രമാണ് വെള്ളത്തിനു മുകളില്‍ കണ്ടിരുന്നത്. ശ്വാസമെടുക്കു വാനായിട്ടാണ് ആന തുമ്പി വെള്ളത്തിനു മുകളില്‍ ഉയര്‍ത്തി വെച്ചിരുന്നത്. ആനയെ അനുനയിപ്പിച്ച കരയ്ക്കു കയറ്റുവാന്‍ പാപ്പാനും, ഫയര്‍ ഫോഴ്സിനും, നാട്ടുകാര്‍ക്കും ഏറേ പരിശ്രമിക്കേണ്ടി വന്നു. വടമെറിഞ്ഞ് കരയ്ക്കു കയറ്റുവാന്‍ ഉള്ള ശ്രമത്തിനിടെ ആന പുഴയിലൂടെ മൂന്നു കിലോമീറ്ററില്‍ അധികം നീന്തി. ആനയെ പാപ്പാന്‍ ഉപദ്രവിച്ചതാണ് പെട്ടെന്ന് പ്രകോപിതനായി ഓടുവാന്‍ കാരണമെന്ന് കരുതുന്നു. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ശീവേലിക്കായി കൊണ്ടു വന്നതായിരുന്നു രവിപുരം ഗോവിന്ദനെ. 

























