കണ്ണൂര്‍ : ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തങ്ങളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ തൊഴില്‍ ഉടമയുടെ കണ്ണൂര്‍ കൂടാളിയിലെ വീട്ടില്‍ ഇവിടെ നിന്നും മടങ്ങി എത്തിയ തൊഴിലാളികള്‍ ഇന്ന് രാവിലെ അന്വേഷിച്ചെത്തി. എന്നാല്‍ അപ്പോഴേയ്ക്കും വിവരം മണത്തറിഞ്ഞ തൊഴില്‍ ഉടമ വിമാനം കയറി അറബി നാട്ടിലേയ്ക്ക് പറന്നിരുന്നു. ആറു മാസക്കാലം തങ്ങള്‍ക്ക് ശമ്പളം നല്‍കാതെ പണിയെടുപ്പിച്ച തൊഴിലുടമയുടെ വീട്ടിനു മുന്പില് കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയ നൂറോളം പ്രവാസി തൊഴിലാളികള്‍ തടിച്ചു കൂടിയതോടെ രംഗം സംഘര്‍ഷ ഭരിതമായി. കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് പുറമേ ആന്ധ്ര, തമിഴ്നാട്, പഞ്ചാബ് എന്നിങ്ങനെ ഇന്ത്യയില്‍ പല ഭാഗത്ത് നിന്നുമുള്ള തൊഴിലാളികളും ഈ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രശ്നം വഷളാവുന്നതിനു മുന്‍പ് സ്ഥലത്തെത്തിയ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ മധ്യസ്ഥതയില്‍ തൊഴില്‍ ഉടമയുടെ സഹോദരനും മറ്റു ബന്ധുക്കളും ചര്‍ച്ചയ്ക്ക് തയ്യാറായി. നാളെ (ചൊവ്വ) രാവിലെ പതിനൊന്നു മണിക്ക് മട്ടന്നൂരില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളികളും, പ്രശ്നത്തില്‍ ഇടപെട്ട രാഷ്ട്രീയ സാമൂഹ്യ നേതാക്കളും തൊഴില്‍ ഉടമയുടെ സഹോദരന്മാരുമായി സംസാരിച്ചു തൊഴിലാളികള്‍ക്ക് ലഭിയ്ക്കാനുള്ള ശമ്പള കുടിശ്ശിക ലഭ്യമാക്കാന്‍ വേണ്ട നടപടികളെ കുറിച്ച് തീരുമാനം കൈക്കൊള്ളും എന്ന് തൊഴിലാളികളുടെ നേതാവായ സുനില്‍ ചാലില്‍ അറിയിച്ചു.



ചാവക്കാട്: കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ ഇയര്‍ ബി. എസ്. സി. റാങ്ക് ലിസ്റ്റ് ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജ് ആറ് റാങ്കുകള്‍ കരസ്ഥമാക്കി. ബി. എസ്. സി. കെമിസ്ട്രി വിഭാഗത്തില്‍ ഒന്നാം റാങ്ക് ഗ്രീഷ്മ ഗോപാലന് കാവീടിനും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം റാങ്ക് അപര്‍ണ കെ. വി, പെരുമ്പിലാവിനും ലഭിച്ചു. ബി. എസ്. സി. കെമിസ്ട്രി വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടി മുബീന പി. കെ. എടക്കഴിയൂര്‍, മൂന്നാം റാങ്ക് നേടി അഞ്ജു ഉണ്ണികൃഷ്ണന്, കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നാം റാങ്ക് നേടി ജയശ്രീ പി. ജെ. ചാവക്കാട്, മാത്തമാറ്റിക്സില്‍ മൂന്നാം റാങ്ക് നേടി മീര യു. പോര്‍ക്കുളവും ഉന്നത വിജയം നേടി.
കോഴിക്കോട് : കേരള സംഗീത നാടക അക്കാദമിയുടെ 2009-ലെ മികച്ച പ്രൊഫഷണല്‍ നാടകത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. കോഴിക്കോട് സങ്കീര്‍ത്തനയുടെ തീപ്പൊട്ടന് ആണ് മികച്ച നാടകം. സംവിധായകന് രാജീവന് മാമ്പിള്ളി, രചന പി. സി. ജോര്‍ജ്ജ് കട്ടപ്പന, മികച്ച നടന് ശ്രീധരന് നീലേശ്വരം, നടി ബിന്ദു സുരേഷ്. പ്രൊ. ജി. ബാലകൃഷ്ണന് ചെയര്മാന് ആയിട്ടുള്ള ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
























