ജനതാദള്‍ (എസ്) പിളര്‍ന്നതിനെ തുടര്‍ന്ന് യു. ഡി. എഫില്‍ ചേര്‍ന്ന വീരേന്ദ്രകുമാര്‍ വിഭാഗം പാര്‍ട്ടിക്ക് പുതിയ പേരു സ്വീകരിക്കുന്നു. സോഷ്യലിസ്റ്റ് ജനത ഡേമോക്രാറ്റിക് എന്നാണ് പുതിയ പേരെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. ഓഗസ്റ്റില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തക സമ്മേളനത്തില്‍ പുതിയ പേരും, പാര്‍ട്ടി ഭരണഘടനയും, പതാകയും അംഗീകരിക്കും. രാഷ്ടീയവും സംഘടനാ പരമായ വിഷയങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം എന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. പാര്‍ട്ടി ഔദ്യോഗിക വിഭാഗമായ ദേവഗൌഡ അധ്യക്ഷനായുള്ള വിഭാഗം എല്‍. ഡി. എഫിനോപ്പം ആണ്.



കോഴിക്കോട് : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനെ ഒരു സംഘം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. പേരാമ്പ്ര പാലേരിയില്‍ “മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്” എന്ന വിഷയത്തില്‍ പ്രതി ചിന്ത എന്ന സംഘടന സംഘടിപ്പിച്ച സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രസംഗിക്കാന്‍ മൈക്കിനു മുന്‍പില്‍ എത്തി ആദ്യ വാചകം പറഞ്ഞു തുടങ്ങിയ ഉടനെ ഒരു സംഘം ആളുകള്‍ വടികളും കസേരകളുമായി സ്റ്റേജിനു മുകളില്‍ കയറി നീലകണ്ഠനെ ആക്രമിച്ചു. അടിയേറ്റ് താഴെ വീണ അദ്ദേഹത്തെ ചുറ്റും വളഞ്ഞു നിന്ന് ചവിട്ടിയും അടിച്ചും മര്‍ദ്ദനം തുടര്‍ന്നു. കൈ കാലുകള്‍ക്കും, വയറിനും, നെഞ്ചത്തും, ദേഹം ആസകലവും പരിക്കേറ്റ അദ്ദേഹത്തെ ഏറെ നേരത്തേക്ക് ആശുപത്രിയില്‍ എത്തിക്കാനും ഇവര്‍ സമ്മതിച്ചില്ല.
























