തിരുവനന്തപുരം : ബ്ലോഗിൽ എഴുതിയതിന്റെ പേരിലാണ് സംഘടന തന്നെ പുറത്താക്കിയത് എങ്കിൽ തന്നെ തിരിച്ചെടുക്കാനും സംഘടന തയ്യാറാവുമോ എന്ന് പ്രശസ്ത ബ്ലോഗർ ബെർളി തോമസ് തന്റെ പുതിയ ബ്ലോഗ് പോസ്റ്റിലൂടെ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) എന്ന മാധ്യമ പ്രവർത്തകരുടെ സംഘടനയെ വെല്ലുവിളിച്ചു. സംഘടനയെ പരിഹസിച്ചു ബ്ലോഗിൽ എഴുതിയതിന്റെ പേരിൽ ബെർളിയുടെ പേരിൽ സംഘടന അച്ചടക്ക നടപടി സ്വീകരിക്കുകയും ബെർളിയെ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്തതായി ചില ഓൺലൈൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പത്ര റിപ്പോർട്ടുകളിൽ നിന്നാണ് ഇത്തരമൊരു നടപടിക്ക് വിധേയനായ വിവരം താൻ അറിഞ്ഞത് എന്ന് കഴിഞ്ഞ ദിവസം ബെർളി eപത്രത്തോട് പറഞ്ഞിരുന്നു. തന്നെ പുറത്താക്കിയതായി ഇതു വരെ സംഘടന തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും ബെർളി വ്യക്തമാക്കി.
ഓൺലൈൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെയാണെങ്കിൽ സംഘടന തന്നെ പുറത്താക്കിയത് താൻ തന്റെ സ്വകാര്യ ബ്ലോഗായ “ബെർളിത്തരങ്ങൾ” എന്ന ബ്ലോഗിൽ എഴുതിയ “ഇത് നിങ്ങളുദ്ദേശിക്കുന്ന പോലൊരു സംഘടനയല്ല” എന്ന പോസ്റ്റ് കാരണമാവാം. ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് ഇറ്റാലിക്സിൽ ബെർളി ഇങ്ങനെ എഴുതി:
‘ഇങ്ങനെ നാറിയ ഒരു സംഘടനയില്‍ അംഗമായിരിക്കേണ്ടി വരുന്നതില്‍ ആത്മാര്‍ഥമായി ഞാന്‍ ലജ്ജിക്കുന്നു. സംഘടനയുടെ അച്ചടക്കത്തെപ്പറ്റി വ്യാകുലരായ അതിന്റെ ഉത്തമന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിനു പുറത്താക്കണമെന്ന് അപേക്ഷിക്കുന്നു.’
ഇതാണ് തന്നെ പുറത്താക്കാൻ സംഘടനയെ പ്രേരിപ്പിച്ചത് എങ്കിൽ താൻ എഴുതുന്ന പ്രകാരം തന്നെ സംഘടനയുടെ പ്രസിഡണ്ട് ആക്കണം എന്നാണ് ബെർളിയുടെ പുതിയ പോസ്റ്റിലെ ആവശ്യം. പത്രപ്രവർത്തകരുടെ ആവശ്യങ്ങൾക്ക് നേരെ പൊതുവെ കണ്ണടയ്ക്കുന്ന സംഘടന തന്റെ ഒരു ബ്ലോഗ് പോസ്റ്റിലെ ആവശ്യം ഇത്ര പെട്ടെന്ന് നടപ്പിലാക്കിയതിനെ കണക്കിന് പരിഹസിക്കുന്നു. സംഘടനയ്ക്ക് ഒരു കാര്യം നടപ്പിലാക്കാൻ തന്റെ ബ്ലോഗ് ആണ് മാനദണ്ഡം എങ്കിൽ താൻ ബ്ലോഗിലൂടെ മറ്റൊരു കാര്യം ആവശ്യപ്പെടുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് “ഞാൻ നിക്കണോ പോണോ” എന്ന പുതിയ പോസ്റ്റിൽ ബെർളി ഇങ്ങനെ എഴുതി:
“ഇത്ര ഗംഭീരമായ ഒരു സംഘടനയില്‍ അംഗമായിരിക്കുന്നതില്‍ ആത്മാര്‍ഥമായി ഞാനഭിമാനിക്കുന്നു. സംഘടനയുടെ പുരോഗതിയെപ്പറ്റി ആകാംക്ഷയുള്ള അതിന്റെ അത്യുത്തന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ യൂണിയന്‍ പ്രസിഡന്റായി അവരോധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
മറ്റേ തീരുമാനമെടുത്തതുപോലെ ഈ ആവശ്യവും പരിഗണിച്ച് എത്രയും വേഗം സാധിച്ചുതരുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. കാരണം, ഇത് നമ്മളാരും ഉദ്ദേശിച്ചതുപോലെയുള്ള ഒരു സംഘടനയല്ല എന്നതു തന്നെ.”
ഈ ആവശ്യം പരിഗണിച്ച് തന്നെ സംഘടനയുടെ പ്രസിഡണ്ട് ആക്കുമോ എന്നാണ് ബെർളിയുടെ വെല്ലുവിളി.
ബ്ലോഗ് അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ പരമ്പരാഗത പത്ര മാദ്ധ്യമങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ഈ ഡിജിറ്റൽ യുഗത്തിൽ പത്രപ്രവർത്തക സംഘടന തന്നെ ഇത്തരം ഒരു ബ്ലോഗ് വിരുദ്ധ നടപടി സ്വീകരിച്ചത് ഏറെ വിമർശനത്തിന് വിധേയമായിട്ടുണ്ട്.
ദുബായിലെ മാദ്ധ്യമ പ്രവർത്തകരുടെ സംഘടനയും ഓൺലൈൻ മാദ്ധ്യമങ്ങളെ ഭയക്കുന്ന സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓൺലൈൻ മാദ്ധ്യമങ്ങളെ സംഘടനയിൽ നിന്നും അകറ്റി നിർത്താൻ നേരത്തേ സംഘടനയുടെ ചുക്കാൻ പിടിച്ച ചിലർ നീക്കങ്ങൾ നടത്തിയിരുന്നു. പുതിയ സാങ്കേതിക വിദ്യകൾക്കും പുതിയ പ്രവണതകൾക്കും നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ഈ പഴഞ്ചൻ മാദ്ധ്യമ “താപ്പാനകൾക്ക്” എത്ര നാൾ കഴിയും എന്നാണ് ബെർളിയുടെ പോസ്റ്റ് ഉയർത്തുന്ന ചോദ്യം. അഭിപ്രായ സ്വാതന്ത്യത്തിന് വേണ്ടി നിലകൊള്ളേണ്ട മാദ്ധ്യമ പ്രവർത്തകരുടെ ഒരു സംഘടന ഒരു സംഘടനാ അംഗത്തിന്റെ സ്വകാര്യ ബ്ലോഗ് പോസ്റ്റിന്റെ പേരിൽ ഇത്തരം ഒരു അച്ചടക്ക നടപടി സ്വീകരിച്ചത് ഏറെ അപലപനീയമാണ് എന്ന് ഈ സംഭവം ഒന്നുകൂടെ അടിവരയിട്ട് വ്യക്തമാക്കുന്നു.