തൃശൂര്‍: നോക്കുകൂലി സംബന്ധിച്ച് ലോറിക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചുമട്ടു തൊഴിലാളികള്‍ ലോഡ് ഇറക്കാത്തതിനാല്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് മേട്ടുപ്പാളയത്തു നിന്നെത്തിയ പത്ത് ലോഡ് പച്ചക്കറി കെട്ടിക്കിടക്കുന്നു. മാര്‍ക്കറ്റിലെ അംഗീകൃത തൊഴിലാളികള്‍ ലോഡ് ഇറക്കാതെ കടക്കാരില്‍ നിന്നും വൗച്ചര്‍ തുക വാങ്ങിയ ശേഷം പിന്‍വാങ്ങിയതായി കടയുടമകള്‍ ആരോപിച്ചു. പുലര്‍ച്ചെയാണ് മാര്‍ക്കറ്റിലേക്ക് പത്ത് ലോഡ് പച്ചക്കറി എത്തിയത്. 11 സി. ഡി. പൂളിലെ ‘വലിയ’ തൊഴിലാളികള്‍ എന്നറിയപ്പെടുന്ന ചുമട്ടു തൊഴിലാളികള്‍ ഉടന്‍ ലോഡിന്‍റെ കണക്കെടുത്ത് ‘വൗച്ചര്‍തുക’ വാങ്ങി പച്ചക്കറി ഇറക്കാതെ സ്ഥലം വിടുകയായിരുന്നു. ഇവയില്‍ പകുതി പിന്നീട് രണ്ടാം നിര തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കിയെങ്കിലും ഇവര്‍ക്കും കൂലി കൊടുക്കേണ്ടി വന്നു. ‘നോക്കുകൂലി’ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. വി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.