മൂന്നാര്‍: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രി കെ എം മാണിയുടെ ബന്ധുകൂടിയായ മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍ എം എം മാത്യു രാജിവെച്ചു. പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍, ഇടുക്കി ഡി. സി. സി. റോയ്. കെ. പൌലോസ് എന്നിവര്‍ ഈ നിയമനത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തെ നിയമിച്ചത് കോഴിക്ക് കുറുക്കന്റെ കാവല്‍ ഏര്‍പ്പെടുത്തിയതിന് തുല്യമാണെന്നാണ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചത്. റിസോര്‍ട്ട് ഉടമകള്‍ക്കുവേണ്ടി മുമ്പ് കോടതിയില്‍ ഹാജരായിട്ടുള്ള മാത്യുവിന് ചിത്തിരപുരത്ത് സ്വന്തമായി റിസോര്‍ട്ടുമുണ്ടെന്ന് ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവാദം കൊഴുത്തത്. എന്നാല്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവന്നതെന്നും ചിത്തിരപുരത്ത് തന്റെ പേരില്‍ റിസോര്‍ട്ടില്ലെന്നും മാത്യു പറഞ്ഞു.