കൊച്ചി: ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില് ഇരിക്കുന്നവര് മിതത്വം പാലിക്കണമായിരുന്നു എന്ന് യു. ഡി. എഫ് കണ്വീനര് പി.പി തങ്കച്ചന് പറഞ്ഞു, എന്നാല് പി.സി ജോര്ജിന്റെ പ്രസ്താവനയിലെ സാരാംശങ്ങളോട് എതിര്പ്പില്ല പക്ഷെ അത് പറയേണ്ട രീതിയിലല്ല പറഞ്ഞത്. വൈ. എം. സി. എ യില് നടന്ന മഹിളാ കോണ്ഗ്രസ് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യാന് എത്തിതായിരുന്നു അദ്ദേഹം . യു. ഡി. എഫ് കണ്വീനര് എന്ന നിലയില് കര്ശന നിര്ദേശങ്ങളൊന്നും നല്കില്ലെന്നും അതിനുമാത്രം നിയന്ത്രണം വിട്ട ഒരു സാഹചര്യം ഇപ്പോള് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെതിരെ വിവാദ പ്രസ്താവന നടത്തിയതില് മന്ത്രി ഗണേഷ് കുമാറും മുഖ്യമന്ത്രിയും പരസ്യമായി ഖേദം പ്രകടിപ്പിച്ച സ്ഥിതിക്കു ഇനി അദ്ദേഹത്തെ വെറുതെ വിട്ടുകൂടെ എന്നും ഇനിയും പ്രതിപക്ഷം ബഹളമുണ്ടാക്കുന്നതില് അര്ത്ഥമില്ലെന്നും തങ്കച്ചന് കൂട്ടിചേര്ത്തു. ചടങ്ങില് മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റായി ആശ സനല് സ്ഥാനമേറ്റു. ഡൊമിനിക് പ്രസന്റേഷന് എം.എല്.എ, ഡി.സി.സി പ്രസിഡന്റ് വി.ജെ. പൗലോസ്, ഡി.സി.സി ജനറല് സെക്രട്ടറി എ. ബി. സാബു, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, ജനറല് സെക്രട്ടറി ലാലി ജോഫിന്, സെക്രട്ടറി ആര് . ചെല്ലമ്മ, ഷീല സോജന്, മേരി പീറ്റര്, അഡ്വ. കെ. പി. ഹരിദാസ്, ഒ. ദേവസ്യ, അന്നമ്മ ആന്ഡ്രൂസ് എന്നിവര് ചടങ്ങില് സംബന്ധിച്ചു.