തിരുവനന്തപുരം: കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. ജനാധിപത്യ വിരുദ്ധമാണ് പ്രസ്താവനയെന്നും അത് പിന്‍വലിച്ച് കാന്തപുരം സ്ത്രീകളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സ്ത്രീകള്‍ പ്രസവിക്കുവാന്‍ ഉള്ളവരാണെന്നും, ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ബുദ്ധിക്ക് നിരക്കാത്തതും മനുഷ്യത്വ വിരുദ്ധവുമാണെന്നും കാന്തപുരം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ക്ലാസുകളില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെ ഉള്ള ഒളിയമ്പാണെന്നും സ്തീകള്‍ക്ക് മനശക്തി കുറവാണെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തുന്നതിനോടും തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
കാന്തപുരം വേണ്ടാത്ത പ്രസ്താവനകള്‍ നടത്തി സമുദായത്തെ താറടിച്ചു കാണിക്കരുതെന്ന് എം. ഇ. എസ്. പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. സംഘ പരിവാറിന്റെ കയ്യില്‍ ആയുധം കൊടുക്കുന്നതിനു തുല്യമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.