കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒമ്പതു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തടവ് കൂടാതെ 50000 രൂപ വീതം പിഴയും നല്‍കണം. എരഞ്ഞിപ്പാലം പ്രത്യേക അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കൊടിയത്തൂര്‍ തേലീരി കോട്ടുപ്പുറത്ത് ഷഹീദ് ബാവ (26)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായിരുന്ന അഞ്ചു പേരെ വെറുതെ വിട്ടു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള ആക്രമണം എന്നിവ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് സദാചാര കൊലപാതകത്തില്‍ ഇത്രയധികം പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത്.
കൊടിയത്തൂര്‍ സ്വദേശികളാണ് പ്രതികള്‍. ഒന്നം പ്രതി കൊല്ലാളത്തില്‍ അബ്ദുറഹ്മാന്‍ എന്ന ചെറിയാപ്പു (55), മൂന്നാം പ്രതി നാറഞ്ചിലത്ത് അബ്ദുള്‍ കരീം (45), നാലം പ്രതി ഓട്ടോ ഡ്രൈവര്‍ നടക്കല്‍ കൊട്ടക്കുഴിയില്‍ അബ്ദുള്‍ നാസര്‍ (31), അഞ്ചാം പ്രതി മാളിയേക്കല്‍ ഫയാസ് (28), ആറാം പ്രതി കളത്തിങ്ങല്‍ നാജിദ് (22), എട്ടാം പ്രതി റാഷിദ് (22), ഒന്‍പതാം പ്രതി എള്ളങ്ങള്‍ ഹിജാസ് റഹ്മാന്‍ (24), പത്താം പ്രതി നാറാഞ്ചിലത്ത് മുഹമ്മദ് ജംഷീര്‍ (25), പതിനൊന്നാം പ്രതി കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.
2011 നവംബര്‍ ഒന്നിനു ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടിയത്തൂരില്‍ വില്ലേജ് ഓഫീസിനു സമീപം യുവതിയും മകളും താമസിക്കുന്ന വീട്ടില്‍ ഷഹീദ് ബാവ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവ ദിവസം അര്‍ദ്ധ രാത്രിയില്‍ ഷഹീദ് ബാവയെ ഓട്ടോ റിക്ഷക്കാരന്‍ നല്‍കിയ വിവരം അനുസരിച്ച് പ്രതികളും സംഘവും തടഞ്ഞു വെച്ചു. തുടര്‍ന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാവ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചു. തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടയിരുന്നു.