കൊച്ചി: വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയാര്‍ന്ന രീതിയില്‍ പ്രതികച്ചതിന് കോണ്‍ഗ്രസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി മാപ്പു പറയണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍. നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ മീഡിയയുടെ നേതൃത്വത്തില്‍ ആണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ജോലിയുടെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിച്ചതെന്നും സ്ത്രീ വിരുദ്ധത നിറഞ്ഞ പെരുമാറ്റമാണ് വയലാര്‍ രവിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അവര്‍ പറഞ്ഞു.
സൂര്യനെല്ലി പീഡനക്കേസില്‍ കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ പി.ജെ കുര്യന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രതിയായ ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതികരണം ആരാഞ്ഞപ്പോള്‍ ആണ് വയലാര്‍ രവിയില്‍ നിന്നും ദ്വയാര്‍ഥ പ്രയോഗം നിറഞ്ഞ പ്രതികരണം ഉണ്ടായത്. ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകയോട് ക്ഷുഭിതനായ മന്ത്രി കുര്യനോട് എന്താണ് ഇത്ര വ്യക്തിവിരോധം? മുന്‍പ് വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ?’ ഉണ്ടെങ്കില്‍ പറയൂ’ എന്നാണ് ചോദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. മുതിര്‍ന്ന ഒരു കേന്ദ്ര മന്ത്രിയില്‍ നിന്നും ഒരു വനിതാ മാധ്യമ പ്രവര്‍ത്തകക്ക് നേരെ ഉണ്ടായ പ്രതികരണം അവിടെ ഉണ്ടായിരുന്നവരെ അമ്പരപ്പിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ പീഡനക്കെസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു വരികയാണ്. കോളിളക്കം സൃഷ്ടിച്ച ഒരു സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിനെതിരെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ അതേ പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ആരായുക മാത്രമാണ്‍` ചെയ്തത്. അതിന്റെ പേരിലാണ് ഒരു സ്ത്രീയായ മാധ്യമ പ്രവര്‍ത്തകയോട് മാന്യമായ രീതിയില്‍ പെരുമാറാന്‍ പോലും അദ്ദേഹം മറന്നുകൊണ്ട് അപമാനകരമായ രീതിയിലെ പെരുമാറിയത്.
മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തനിക്ക് ഇഷ്ടപ്പെടാത്ത ചൊദ്യങ്ങള്‍ ഉയരുമ്പോള്‍ അവരോട് മാന്യമല്ലാത്ത രീതിയില്‍ മുമ്പും പ്രതികരിച്ചിട്ടുണ്ട്.നേരത്തെ എയര്‍ ഇന്ത്യയില്‍ നിന്നും യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ അതു സംബന്ധിച്ച് ഷാര്‍ജയില്‍ വച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും വയലാര്‍ രവി തട്ടിക്കയറിയിരുന്നു.