കൊല്‍ക്കത്ത: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കുവാനും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാനും സംസ്ഥാന കമ്മറ്റിയെടുത്ത തീരുമാനം തല്‍ക്കാലംനടപ്പിലാക്കില്ല. ഇക്കാര്യം അടുത്ത കേന്ദ്ര കമ്മറ്റിയില്‍ പരിഗണിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഇവര്‍ക്കെതിരെ ഉള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് വി.എസ്. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വി.എസ്. കേന്ദ്രകമ്മറ്റിയിലും ആവര്‍ത്തിച്ചതായാണ് സൂചന. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തു എന്ന ആരോപണത്തെ തുടര്‍ന്ന് വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, പ്രസ്സ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന്‍ കമ്മറ്റി അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അവര്‍ തെറ്റു ചെയ്തിട്ടില്ലെന്നും അതിനാല്‍തന്നെ അവര്‍ക്കെതിരെ നടപടി എടുത്താല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നുമാണ് വി.എസിന്റെ വാദം. മാത്രമല്ല ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതും വി.എസ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇവരെ പുറത്താക്കുവാനുള്ള പാര്‍ട്ടി സംസ്ഥാന്‍ കമ്മറ്റിയുടെ തീരുമാനം വെളിപ്പെടുത്തിയതിലൂടെ വി.എസ് അച്ചടക്ക ലംഘനം നടത്തിയതായാണ് ഔദ്യോഗിക പക്ഷം വാദിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കമ്മറ്റിക്ക് അവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.