കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എ മാര്‍ ജയിലില്‍ എത്തി സന്ദര്‍ശനം നടത്തി. സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്റെ നേതൃത്തിലുള്ള സംഘത്തില്‍ എം.എല്‍.എ മാരായ ടി.വി.രാജേഷ്, ജയിംസ് മാത്യു, കെ.കെ.നാരായണന്‍,സി.കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. ടി.പി.വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ രജീഷ് വെളിപ്പിടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനു തലവേദനയായിട്ടുണ്ട്. താനുള്‍പ്പെടെ ഉള്ള ചിലര്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ നേരിട്ട് പങ്കാളികളാണെന്നും എന്നാല്‍ സംഘത്തിലെ ഒരാള്‍ മാത്രമേ ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടുള്ളൂ എന്നും ഇയാള്‍ വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ടി.പി.വധം പോലെ ഏറേ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടികൊലപ്പെടുത്തിയത്. രണ്ടിലും സി.പി.എമ്മിനു പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.
കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധവുമായി ബന്ധപ്പെട്ട് പോലീസിനു മുമ്പില്‍ വെളിപ്പെടുത്തിയ പലതും ഇയാള്‍ കോടതിയില്‍ നിഷേധിച്ചു. ഇയാളുടെ മൊഴി വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രജീഷിന്റെ മൊഴിയുടെ കൂടെ അടിസ്ഥാനത്തില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ അനുമതിയോടെ രജീഷിന്റെ ജയിലില്‍ വച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഈ അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി ഷൌക്കത്തലിയുടെ നേതൃത്വത്തില്‍ ഉള്ള ക്രൈംബ്രാഞ്ച് സംഘം തന്നെ മര്‍ദ്ദിച്ചതായി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രജീഷിനെ സന്ദര്‍ശിച്ച നേതാക്കള്‍ ചോദ്യം ചെയ്യലിനിടെ രജീഷിനെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ഡി.വൈ.എസ്.പി ഷൌക്കത്തലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ രജീഷിനെ കോഴിക്കോട് ജയിലിലേക്ക് മാറ്റി. നേരത്തെ ഇയാളുടെ അപേക്ഷ പ്രകാരമാണ് കോഴിക്കോട് ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മറ്റിയിരുന്നത്.