തിരുവനന്തപുരം:ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി നല്‍കേണ്ടത് കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍.ഡി.എഫോ യു.ഡി.എഫോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത രോഗങ്ങള്‍ അലട്ടുന്ന മദനിക്ക് കോടതി ഇനിയും ജാമ്യം അനുവദിച്ചിട്ടില്ല. ഇന്ത്യയിലെ ഏതു പൌരനൌം ലഭിക്കേണ്ട നീതിയും മാനുഷിക പരിഗണനയും മദനിക്കു നല്‍കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതര വര്‍ഷം മദനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് വിട്ടയക്കുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ മദനി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞു വരികയാണ്. തന്റെ ആദ്യകാല നിലപാടുകളെ മദനി തിരസ്കരിച്ചതാണെന്നും അതിനാലാണ് അദ്ദേഹത്തെ സി.പി.എം സ്വാഗതം ചെയ്തതെന്നും മുന്‍ കാലങ്ങളില്‍ മദനിയോ സുഹൃത്തുക്കളോ നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും സി.പി.എം പറയുന്നു.