തിരുവനന്തപുരം: കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ ഉപ മുഖ്യമന്ത്രി ആക്കണമെന്ന് പറഞ്ഞ നിലപാട് എസ്. എന്‍ .ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാറ്റി. വൈകീട്ട് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ദീര്‍ഘമായ സംഭാഷണത്തിനു ശേഷമാണ് വെള്ളാപ്പള്ളി നിലപാട് മാറ്റിയത്. താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ചെന്നിത്തല ഉപ മുഖ്യമന്ത്രി ആകണമെന്ന് തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചെന്നിത്തല തീര്‍ച്ചയായും മന്ത്രിയാകണമെന്ന് താന്‍ പറഞ്ഞിട്ടില്ല. ആര്യാടന്‍ മുഹമ്മദിനെ പോലുള്ളവര്‍ പറഞ്ഞു, അപ്പോള്‍ മന്ത്രിയായാല്‍ കൊള്ളാമെന്ന് താനും പറഞ്ഞു. പൊതുവെ കെ. പി. സി. സി. പ്രസിഡണ്ട് എം. എല്‍. എ. ആയി മത്സരിക്കുന്നത് മന്ത്രിയാകാന്‍ വേണ്ടിയാണെന്നും, എന്‍ . എസ്. എസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരുവഞ്ചൂര്‍ തന്നെ കാണാൻ വന്നത് രാഷ്ടീയം ചര്‍ച്ച ചെയ്യാനല്ലെന്നും മകളുടെ വിവാഹം ക്ഷണിക്കാനാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കെ. പി. സി. സി. പ്രസിഡണ്ട് സ്ഥാനം തനിക്ക് അങ്ങേയറ്റം തൃപ്തി നല്‍കുന്ന ജോലിയാണെന്നും മന്ത്രിയാകണമായിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു എന്നുമായിരുന്നു കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ഉണ്ടാകുന്നത് നല്ലതാണെന്നും വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് യോജിപ്പാണെന്നും എന്‍ . എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.