തൃശ്ശൂര്‍: നടി ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലസ്സി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭാ സുരേന്ദ്രൻ. സ്ത്രീ സമൂഹത്തിന്റെ സ്വകാര്യത കവര്‍ന്ന് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ച ശ്വേതാ മേനോന് സ്ത്രീ സമൂഹത്തിന് അപമാനമാണെന്നും മനുഷ്യ സമൂഹം നാളിതു വരെ സംരക്ഷിച്ച സ്വകാര്യതയാണ് അവര്‍ തകര്‍ത്തതെന്നും ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ അത് തടയുമെന്നും അവര്‍ പറഞ്ഞു. ഈ സിനിമ പ്രദര്ശിപ്പിക്കുവാന് അനുമതി നല്കിയാല് ശ്വേതാ മേനോന് അടുത്ത പ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ച് നടത്തുമോ എന്ന് അവര്‍ പരിഹസിച്ചു. ഈ സിനിമയുമായി ബന്ധപ്പെട്ട് മന്ത്രി ഗണേശ് കുമാറിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
ചിത്രത്തിനായി പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെ സ്പീക്കര്‍ ജി. കാര്ത്തികേയൻ, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജി. സുധാകരന് തുടങ്ങിയവരും വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രസവ രംഗങ്ങള്‍ക്കെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ മുന്നറിയിപ്പ് നല്കി. എന്നാല്‍ ഫെഫ്കയുടെ പൂര്‍ണ്ണ പിന്തുണ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് വാഗ്ദാനം ചെയ്തു. സിനിമ കാണും മുമ്പേ വിമര്‍ശനം ഉന്നയിച്ച രാഷ്ടീയ നേതാക്കളുടെ നടപടി ദൌര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
വിവാദം കൊഴുക്കുന്നതിനനുസരിച്ച് ചിത്രത്തിന്റെ വിപണി മൂല്യം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.