തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായുള്ള നിയമ നടപടികളുമായി യു.ഡി.എഫ്
സര്‍ക്കാര്‍ മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു. ഇതിലൂടെ പത്താം തിയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളന കാലത്ത് പ്രതിപക്ഷത്തെ
പ്രതിരോധത്തിലാക്കുവാന്‍ സര്‍ക്കാറിനു കഴിയും. പ്രോസിക്യൂട്ട് ചെയ്യുന്നതിനായി സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിക്കഴിഞ്ഞു.
ഗവര്‍ണ്ണര്‍ അനുമതി നല്‍കുകയും വി.എസിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ അത് ചിലപ്പോള്‍ വി.എസിന്റെ രാജിയിലേക്ക് നയിച്ചേക്കാം. ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന രാഷ്ടീയ നേതാക്കള്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ പലപ്പോഴും അവരുടെ രാജി ആവശ്യപ്പെടാറുള്ള വി.എസിനു അത്തരത്തില്‍ ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന അവസ്ഥയില്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുന്നതില്‍ നിന്നും ഒഴിയുവാന്‍ ബുദ്ധിമുട്ടുണ്ടാകും. ലാവ്‌ലിന്‍ കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ പിണറായി വിജയനെതിരെ ശക്തമായ നിലപാടായിരുന്നു വി.എസ്. കൈകൊണ്ടത്. കൂടാതെ നിരന്തരമായി പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനാകുകയും ഔദ്യോഗിക പക്ഷത്തിന്റെ അതൃപ്തിക്ക് പാത്രമാകുകയും ചെയ്യുന്ന വി.എസിനെ സംബന്ധിച്ച് ഭൂമിദാനക്കേസില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാകും. വി.എസ്. രാജിവെക്കുകയാണെങ്കില്‍ ഒരു പക്ഷെ അത് യു.ഡി.എഫ് രാഷ്ടീയത്തിലും അത് മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം. ഭരണതലത്തില്‍ മുസ്ലിം ലീഗിന്റെ ഇടപെടലുകളില്‍ അസംതൃപ്തര്‍ യു.ഡി.എഫില്‍ ഉണ്ട്. അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന വി.എസ് തന്നെ ഭൂമിദാനക്കേസില്‍ രാജിവെച്ചാല്‍ അത് സൃഷ്ടിക്കുന്ന ഉണ്ടാകുന്ന രാഷ്ടീയ തിരിച്ചടി നേരിടുവാന്‍ യു.ഡി.എഫിലെ അസംതൃപ്തരെ ഉപയോഗപ്പെടുത്തുവാന്‍ പ്രതിപക്ഷം ശ്രമിച്ചേക്കാം.
എന്നാല്‍ തനിക്കെതിരെ ഉള്ള കേസിനു പിന്നില്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാണെന്ന് വി.എസ്. അച്യുതാനന്ദന്‍. അഴിമതിക്കും
പെണ്‍വാണിഭത്തിനുമെതിരെ താന്‍ നടത്തുന്ന സമരമാണ് തനിക്കെതിരെ കേസെടുക്കുവാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിക്കുന്നതെന്നും
ഉമ്മന്‍ ചാണ്ടി അതിനു ചൂട്ടു പിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പെണ്‍വാണിഭക്കേസുകളിലും അഴിമതിക്കേസുകളിലും യാതൊരു കാരണവശാലും വിട്ടുവീഴ്ചയ്ക്കില്ലെന്നും താന്‍ നടത്തിവരുന്ന പോരാട്ടങ്ങളില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.