കൊച്ചി:തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവരുടേയും ജാമ്യാപേക്ഷ നേരത്തെയും തള്ളിയിരുന്നു. ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ കൊടി സുനിയാണ് ഫസല്‍ വധക്കേസില്‍ ഒന്നാം പ്രതി.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കാരായി രാജന്‍. കണ്ണൂര്‍ തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതാണ് കൊലക്ക് കാരണമായത്. 2006 ഒക്ടോബര്‍ 22 നാണ് ഫസല്‍ കൊല്ലപ്പെട്ടത്. തേജസ് പത്രത്തിന്റെ ഏജന്റായ ഫസല്‍ പുലര്‍ച്ചെ പത്ര വിതരണത്തിന് പോകുമ്പോളാണ് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസുകാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതോടെ ആണ് സി.പി.എം പ്രവര്‍ത്തകരുടെ പങ്കുള്‍പ്പെടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പുറത്ത് വന്നത്.