കണ്ണൂര്‍: യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനം വിപുലമായ പരിപാടികളോടെ ബി.ജെ.പി ആചരിക്കുന്നു. എല്ലാ ജില്ലാ
കേന്ദ്രങ്ങളും ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ജനശക്തി സംഗമമെന്ന പേരില്‍ ആണ് പരിപാടി
സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ജനശക്തി എന്ന പേരില്‍ പയ്യന്നൂരില്‍ ആണ് റാലി നടത്തുന്നത്. സി.പി.എമ്മിന്റെ അക്രമ രാഷ്ടീയത്തിന്
എതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുവാനും പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്ന സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുവാനും
ഉള്ള അവസരമായി ബി.ജെ.പി ഇതിനെ കാണുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിസംബര്‍ ഒന്നാം തിയതി ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഒരു സംഘം ക്രിമിനലുകള്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ഒരാള്‍ പിന്നീട് ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധത്തിലും ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
സംഘപരിവാര്‍ നേതൃനിരയില്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിനു ശേഷം സി.പി.എം നടത്തിയ മനോജ് വധവും ബി.ജെ.പി രാഷ്ടീയമായി
ഉപയോഗപ്പെടുത്തിയിരുന്നു. കൊലപാതകങ്ങള്‍ നടന്നാല്‍ നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും വിഭിന്നമായി പരമാവധി ഇടങ്ങളില്‍ സി.പി.എമ്മിനെതിരെ
ജനകീയ റാലികള്‍ സംഘടിപ്പിക്കുക എന്ന സമീപനമാണ് ഇപ്പോള്‍ സംഘപരിവാര്‍ സ്വീകരിച്ചു വരുന്നത്. സംഘടനയ്ക്കകത്ത് നേതാക്കള്‍ക്ക് ഇടയില്‍
അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാണെങ്കിലും ദേശീയതലത്തില്‍ അമിത്ഷാ നേതൃത്വം ഏറ്റെടുത്ത ശേഷം പാര്‍ട്ടിക്ക് ജനസ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്.
കണ്ണൂര്‍ അമ്പാടി മുക്കില്‍ സി.പി.എമ്മിലേക്ക് പോയവരില്‍ ചിലര്‍ തിരിച്ച് ബി.ജെ.പിയിലേക്ക് വന്നിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും സി.പി.എം വിട്ടവര്‍
ബി.ജെ.പിയിലേക്ക് വരുന്നുണ്ട്.