കൊച്ചി: എറണാകുളം പച്ചാളത്ത് വീട്ടമ്മയായ ബിന്ദുവിനെ (38) നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി വയനാട് മീനങ്ങാടി സ്വദേശി റഷീദിന് (34) വധശിക്ഷ. കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. കമാല്‍ പാഷയാണ് പരമാവധി ശിക്ഷ വിധിച്ചത്. വധശിക്ഷക്ക് പുറമെ ജീവപര്യന്തം തടവും പിഴയും ശിക്ഷയായുണ്ട്.
2010 നവമ്പര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പച്ചാളത്ത് താമസിച്ചു വരികയായിരുന്ന ബിന്ദുവിനെ വീടിന്റെ മുകള്‍ നില വാടക്ക് മുറിയെടുക്കുവാന്‍ എന്ന വ്യാജേന വീട്ടില്‍ കയറിയ റഷീദ് ബിന്ദുവിന്റെ സ്വര്‍ണ്ണ മാല പൊട്ടിക്കുവാന്‍ ശ്രമിച്ചു. മല്‍പിടുത്തത്തിനിടയില്‍ താഴെ വീണ് റഷീദിന്റെ ഒരു കണ്ണിനു കാര്യമായ പരിക്കുപറ്റി. തുടര്‍ന്ന് ഇയാള്‍ ബിന്ദുവിനെ അതി ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തുവാനായി ബിന്ദുവിന്റെ കഴുത്ത് അറുത്ത റഷീദ് തുടര്‍ന്ന് അവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മാലയും വളയും അപഹരിച്ചു. ഈ സ്വര്‍ണ്ണാഭരണങ്ങള്‍ പിന്നീട് പ്രതിയില്‍ നിന്നു തന്നെ പോലീസ് കണ്ടെടുത്തു. ഇന്റീരിയര്‍ ഡിസൈനറായ രാമകൃഷ്ണന്‍ ആണ് ബിന്ദുവിന്റെ ഭര്‍ത്താവ്.വിദ്യാര്‍ഥികളായ അരവിന്ദ് അഞ്ജന എന്നിവര്‍ മക്കളാണ്.