ഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ മണല്‍ മാഫിയ വീട്ടില്‍ കയറി ആക്രമണം നടത്തി. ദുബായില്‍ ജോലിക്കാരനും ഏങ്ങണ്ടിയൂര്‍ സ്വദേശിയുമായ ഉദയകുമാറിന്റേയും സഹോദരിയുടേയും ഭൂമി പ്രദേശത്തെ ചില അനധികൃത മണല്‍ – ഭൂ മാഫിയക്കാര്‍ കൈയ്യേറിയതിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ചാവക്കാട് കോടതിയില്‍ കേസും നിലവിലുണ്ട്. ഇന്ന് ഉച്ചയോടെ ആനന്തന്‍ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു സംഘം അക്രമികള്‍ ഉദയകുമാറിന്റെ വീട്ടില്‍ കയറി അക്രമത്തിനു മുതിര്‍ന്നു. ഇതു തടയുവാന്‍ ചെന്ന ഉദയകുമാറിന്റെ ജ്യേഷ്ഠന്‍ വിശ്വനാഥന്റെ മകന്‍ വിലാഷിനെ (28) വീട്ടില്‍ കയറി അതി ക്രൂരമായി മര്‍ദ്ദിച്ചു. ചികിത്സയില്‍ കഴിയുന്ന ഗര്‍ഭിണിയായ സഹോദരിയെയും മാതാവിനേയും മാരകായുധങ്ങളുമായി വന്ന അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദ്ദനമേറ്റ വിലാഷ് തൃത്തല്ലൂര്‍ ഗവണ്മെന്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ മണല്‍ മാഫിയായുടെ പ്രവര്‍ത്തനങ്ങള്‍ ജന ജീവിതത്തെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ മണലെടുക്കല്‍ മൂലം ചുറ്റുപാടുമുള്ള കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. മണല്‍ മാഫിയായുടെ അക്രമം സംബന്ധിച്ച് മുഖ്യമന്ത്രി യടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.