തൃശ്ശൂര്‍: കര്‍ക്കിടകം ഒന്നിനോട് അനുബന്ധിച്ച് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആയിരുന്നു ആനകളെ നിരത്തി നിര്‍ത്തിയിരുന്നത്. ആനകള്‍ക്കും ഭക്തര്‍ക്കും ഇടയില്‍ മുള്ള് കൊണ്ട് വേലി തീര്‍ത്തിരുന്നു.
ജില്ലക്കത്തും പുറത്തു നിന്നുമായി സ്വകാര്യ ഉടമകളുടേയും ദേവസ്വത്തിന്റേതുമായി നാല്പത്തി നാലോളം ആനകള്‍ പങ്കെടുത്തു. പുലര്‍ച്ച നടത്തിയ ഗണപതി ഹോമത്തിന്റെ പ്രസാദവും കരിമ്പ്, പഴം, ചോളം, ശര്‍ക്കര എന്നിവ കൂടാതെ പ്രത്യേകം തയ്യാറാക്കിയ ചോറുമാണ് ആനകള്‍ക്ക് നല്‍കിയത്.
മേല്‍ശാന്തി പുത്തന്‍ പള്ളി നമ്പൂതിരി കുട്ടിക്കൊമ്പന്‍ ചേറ്റുവ കണ്ണന് ആദ്യ ഉരുള നല്‍കി കൊണ്ട് ആനയൂട്ടിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഭക്തരും ആനകള്‍ക്ക് ഭക്ഷണം നല്‍കി. രാത്രി മുതല്‍ തുടരുന്ന കനത്തെ മഴയെ അവഗണിച്ചും ആയിരക്കണക്കിനു ഭക്തരും ആന പ്രേമികളുമാണ് വടക്കുംനാഥ സന്നിധിയില്‍ എത്തിയിരുന്നത്. ആനയൂട്ട് കാണാന്‍ എത്തിയ വിദേശികള്‍ക്ക് ഇത് അവിസ്മരണീയ അനുഭവമായി മാറി. ഇത്രയധികം ആനകളെ ഒരുമിച്ചു കണ്ടതില്‍ അവര്‍ ആഹ്ലാദം പങ്കു വെച്ചു.
ബാസ്റ്റ്യന്‍ വിനയശങ്കര്‍, പാറമേക്കാവ് പദ്മനാഭന്‍, ചിറക്കല്‍ മഹാദേവന്‍, ശങ്കരന്‍ കുളങ്ങര മണികണ്ഠന്‍, ബാസ്റ്റ്യന്‍ വിനയസുന്ദര്‍, ഊക്കന്‍ കുഞ്ചു, ഇന്ദ്രജിത്ത്, കിരണ്‍ നാരായണന്‍ കുട്ടി (കോട്ടയം), ഗുരുജിയില്‍ അനന്തപത്മനാഭന്‍ (തിരുവനന്തപുരം) തുടങ്ങിയ ആനകള്‍ പങ്കെടുത്തപ്പോള്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ഊട്ടോളി രാജഗോപാല്‍, നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍ തുടങ്ങിയ പ്രമുഖരായ ആനകള്‍ മദപ്പാടു മൂലവും മറ്റും പങ്കെടുത്തില്ല.
(വാര്‍ത്തയും ഫോട്ടോയും : അനീഷ് കൃഷ്ണന്‍ തൃശ്ശൂര്‍)