തൃശൂര്‍ : കേരളത്തിലെ നാട്ടാനകളില്‍ ഉയരം കൊണ്ട് രണ്ടാം സ്ഥാനക്കാരനായ പട്ടത്ത് ശ്രീകൃഷ്ണന്‍ ചരിഞ്ഞു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അന്ത്യം. മുന്നൂറ്റി പതിനാലു സെന്റീമീറ്റര്‍ ഉയരമുണ്ടായിരുന്നു ഈ ആനയ്ക്ക്. തൃശ്ശൂര്‍ തൃപ്രയാറിനു സമീപം കിഴ്‌പ്പിള്ളിക്കരയിലെ അശോകന്റെ ഉടമസ്ഥതയില്‍ ഉള്ള ശ്രീകൃഷ്ണന്‍ കുറച്ച് കാലമായി അസുഖ ബാധിതനായിരുന്നു. കെട്ടും തറിയില്‍ വീണതിനെ തുടര്‍ന്ന് പിന്‍കാലിന്റെ എല്ലിന് ഒടിവു സംഭവിച്ചിരുന്നു. പ്രമുഖരായ ഡോക്ടര്‍മാര്‍ മാറി മാറി ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.
സ്ഥിരമായി കിടന്നു പോയാല്‍ ആനയ്ക്ക് മറ്റ് അസുഖങ്ങളും ശരീരത്തില്‍ വ്രണങ്ങളും ഉണ്ടാകുമെന്നതിനാല്‍ ബെല്‍റ്റ് ഉപയോഗിച്ച് താങ്ങി നിര്‍ത്തുകയായിരുന്നു. ഭക്ഷണം കഴിക്കുവാനുള്ള ബുദ്ധിമുട്ടു കാരണം ആന വളരെ ക്ഷീണിതനായിരുന്നു. ആധുനിക സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും എല്ലിനും മറ്റും പരിക്കു പറ്റിയ ആനകളെ ചികിത്സിച്ച് രക്ഷപ്പെടുത്തുക ബുദ്ധിമുട്ടാണെന്നും ഡോ. രാജീവ് e പത്രത്തോട് പറഞ്ഞു.
പട്ടത്ത് ശ്രീകൃഷ്ണന്റെ വിയോഗം ആനക്കേരളത്തിനു കനത്ത നഷ്ടമാണെന്ന് ദുബായ് ആന പ്രേമി സംഘം പ്രസ്ഥാവനയില്‍ പറഞ്ഞു.
ബീഹാറില്‍ നിന്നും പുത്തന്‍കുളം ഷാജി വഴിയാണ് ശ്രീകൃഷ്ണന്‍ കേരളത്തില്‍ എത്തുന്നത്. തുടര്‍ന്ന് പട്ടത്ത് അശോക് കുമാര്‍ ഇവനെ വാങ്ങി. ഉടമയുമായി നല്ല രീതിയിലുള്ള ആത്മബന്ധം ഈ ആനയ്കുണ്ടായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഉടമയുടെ മകള്‍ ശ്രീകൃഷ്ണന്റെ കൊമ്പ് പിടിച്ച് നടക്കുന്നത് ഒരു കൌതുകമായിരുന്നു.
ഉയരത്തില്‍ മാത്രമല്ല അനുസരണയും ശാന്ത സ്വഭാവവും കൊണ്ട് ശ്രീകൃഷ്ണന്‍ ആന പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവനായി മാറ്റി. ചക്കുമരശ്ശേരിയടക്കം നിരവധി മത്സര വേദികളില്‍ ഇവന്‍ തന്റെ തലയെടുപ്പിന്റെ പ്രതാപം തെളിയിച്ചു. ഉയരത്തിന്റെ അടിസ്ഥാനത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കഴിഞ്ഞാല്‍ പ്രമുഖ ഉത്സവങ്ങളില്‍ തിടമ്പിനവകാശി ശ്രീകൃഷ്ണന്‍ ആയിരുന്നു. ഇനിയുമൊരു ഉത്സവ കാലത്തിനു കാത്തു നില്‍ക്കാതെ ആന പ്രേമികളുടെ മനസ്സില്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി ഉയരക്കേമന്‍ വിട വാങ്ങി.