തൃശ്ശൂര്‍ : ചാവക്കാട് മുനക്കക്കടവിലെ ഫിഷ് ലാന്‍റിംഗ് സെൻ്റർ, ഹാർബർ ആക്കി ഉയര്‍ത്തുന്നു. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി ഗുരുവായൂര്‍ എം. എൽ. എ. എൻ. കെ. അക്ബർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിലെ ഫിഷ് ലാന്റിംഗ് സെന്‍റര്‍ 88 സെൻ്റ് സ്ഥല ത്താണ് പ്രവർത്തിക്കുന്നത്. ഇത് ഹാര്‍ബര്‍ ആക്കി ഉയർത്തണം എങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലം എങ്കിലും ആവശ്യമാണ്. അതിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുവാനും യോഗം തീരുമാനിച്ചു. സ്ഥലം ഉടമകളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും അനുഭാവ പൂർവ്വം പരിഗണിച്ച് സ്ഥലം ഏറ്റെടുക്കും.
അഞ്ഞൂറില്‍ അധികം മത്സ്യ ത്തൊഴിലാളികളുടെ നേരിട്ടുള്ള ഉപ ജീവന മാർഗ്ഗവും ആയിരത്തിൽ അധികം അനുബന്ധ തൊഴിലാളികളും ആശ്രയിക്കുന്ന മുനക്ക ക്കടവ് ഫിഷ്ലാൻ്റിംഗ് സെൻ്റർ ഹാർബർ ആക്കി മാറ്റുന്നതോടെ കൂടുതൽ ജനങ്ങൾക്ക് ആശ്രയമാകും.
സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി പരിസരത്തെ പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിന് സർവ്വെ നടത്തുന്ന തിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. ഫിഷ് ലാന്റിംഗ് സെൻ്ററി നോട് ചേർന്നുള്ള പ്രദേശങ്ങളിലെ കടൽ ഭിത്തികളുടേയും പുലി മുട്ടുകളുടേയും നിർമ്മാണം ഉടൻ പൂർത്തി യാക്കും.
രാത്രിയിലെ അനധികൃത മീൻ പിടുത്തത്തിനും നിയമ വിരുദ്ധമായി ബോട്ടുകൾ കെട്ടി ഇടുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഫിഷറീസ് അധികൃതർക്കും കോസ്റ്റൽ പൊലീസിനും എം. എൽ. എ. നിർദ്ദേശം നൽകി.
എൻ. കെ. അക്ബർ എം. എൽ. എ. അദ്ധ്യക്ഷനായ യോഗത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജുദ്ദീൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. മജു ജോസ്, ഹാർബർ എൻജിനിയറിംഗ് വിഭാഗം എക്സി ക്യൂട്ടിവ് എൻജിനീയർ പി. വി. പാവന, എ. ഇ. മാരായ കെ. സി. രമ്യ, എം. കെ. സജീവൻ, ട്രേഡ് യൂണിയൻ നേതാക്കൾ കെ. വി. അഷറഫ്, കെ. എം. അബ്ദുൾ ലത്തീഫ്, പി. കെ. ബഷീർ, സി. കെ. ഷാഹുൽ ഹമീദ്, മറ്റ് റവന്യു അധികൃതർ എന്നിവർ പങ്കെടുത്തു.
* പബ്ലിക്ക് റിലേഷന്‍