അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു

March 25th, 2011

g-janardhana-kurup-epathram

കൊച്ചി: ആദ്യ കാല കമ്യൂണിസ്റ്റ് നേതാവും പ്രമുഖ അഭിഭാഷകനുമായ ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ കരിമ്പാലൂര്‍ കളരി അഴികത്ത് വീട്ടില്‍ 1920 ജൂ‍ണ്‍ എട്ടിനു കൊച്ചുണ്ണിത്താന്റെ മകനായി ജനിച്ച ജനാര്‍ദ്ദനക്കുറുപ്പ് എറണാകുളം ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ ശേഷം 1959 മുതല്‍ അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയ കുറുപ്പ് ക്രിമിനല്‍ കേസുകളിലാണ് അധികവും ഹാജരാകാറ്. അഞ്ഞൂറോളം ക്രിമിനല്‍ കേസുകള്‍ വാദിച്ച് ജയിച്ചിട്ടുണ്ട്. രണ്ടാം മാറാട് കേസുള്‍പ്പെടെ പ്രമാദമായ പല കേസുകളിലും ജനാര്‍ദ്ദനക്കുറുപ്പ് ഹാജരായിട്ടുണ്ട്. സൂര്യനെല്ലി പെണ്‍‌വാണിഭ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കേസില്‍ ഉന്നത രാഷ്ടീയ ഇടപെടല്‍ ആരോപിച്ച് പിന്നീട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജി വെച്ചു.

അഭിഭാഷകന്‍ എന്നതിലുപരി മികച്ച ഒരു വാഗ്മിയും സംഘാടകനും കലാകാരനും ആയിരുന്നു അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കു നിര്‍വ്വഹിച്ച കെ. പി. എ. സി. യുടെ സംഘാടകരില്‍ ഒരാളായിരുന്നു. കെ. പി. എ. സി. യുടെ പ്രസിഡണ്ടായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” എന്ന നാടകത്തിന്റെ സംവിധാനത്തിലും സഹകരിച്ചിട്ടുണ്ട്. ഈ നാടകത്തില്‍ ജന്മിയായ കേശവന്‍ നായരായി ജനാര്‍ദ്ദനക്കുറുപ്പ് അഭിനയിച്ചിട്ടുമുണ്ട്. “എന്റെ ജീവിതം“ എന്ന പേരില്‍ ആത്മ കഥയും എഴുതിയിട്ടുണ്ട്.

പരേതയായ ശ്രീകുമാരിയമ്മയാണ് ഭാര്യ. കലൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ഭൌതിക ദേഹം നാളെ രാവിലെ പച്ചാളം ശ്മശാനത്തില്‍ സംസ്കരിക്കും. പ്രമുഖനായ ഒരു ക്രിമിനല്‍ അഭിഭാഷകനെയാണ് ജനാര്‍ദ്ദനക്കുറുപ്പിന്റെ നിര്യാണത്തോടെ കേരളീയ സമൂഹത്തിനു നഷ്ടമാകുന്നത്.

-

വായിക്കുക: , , ,

1 അഭിപ്രായം »

തിരുവനന്തപുരത്ത് പുതിയ ടെര്‍മിനല്‍ തുറന്നു; സംസ്ഥാന സര്‍ക്കാരിന് അവഗണന

February 12th, 2011

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ഗവര്‍ണര്‍ ആര്‍.എസ് ഗവായ്, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, സുരേന്ദ്രന്‍പിള്ള എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ സംസ്ഥാന മന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വിവാദമായി

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പറയുകയും ചെയ്തു. വല്ലാര്‍പാടം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ എന്നതുപോലെ ഇവിടെയും സംസ്ഥാന മന്ത്രിമാരെ അവഗണിച്ചെന്നും അവഗണന സാരമില്ല, പദ്ധതി യാഥാര്‍ത്ഥ്യമായതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവള വികസനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ശക്തിപകരും. ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര പരിശ്രമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വല്ലാര്‍പാടം പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ഇതിനെതിരേ മന്ത്രിമാര്‍ നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അവഗണനയ്‌ക്കെതിരേ മുഖ്യമന്ത്രി തെന്ന നേരിട്ട് പ്രതിഷേധം പ്രകടിപ്പിച്ചത്.

ഒരേ സമയം 1600 യാത്രക്കാരെയും പ്രതിവര്‍ഷം 18 ലക്ഷം പേരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പുതിയ ടെര്‍മ്മനലിന് ഉള്ളത്. എയര്‍, റോഡ്, റെയില്‍, കടല്‍, ഉള്‍നാടന്‍ ജലപാത എന്നിങ്ങനെ ഗതാഗതസൗകര്യം രൂപപ്പെടുത്താന്‍ കഴിയുന്ന വിമാനത്താവളം എന്ന ബഹുമതിയും തിരുവനന്തപുരം വിമാനത്താവളത്തിനുണ്ട്. ഗ്ലാസും സ്റ്റീലുംകൊണ്ട് പടുത്തുയര്‍ത്തിയ 32000 ചതുരശ്രമീറ്റര്‍ ടെര്‍മിനലില്‍ മുപ്പത് ചെക്ക്ഇന്‍ കൗണ്ടറുകളാണുള്ളത്. ‘ക്യൂട്ട് എന്ന സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ നിശ്ചിത കൗണ്ടറുകള്‍ ഓരോ എയര്‍ലൈനുകള്‍ക്ക് നല്‍കുന്നതിന് പകരം ഏത് കൗണ്ടര്‍ വേണമെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

ബന്ധുക്കള്‍ക്ക് ചെക്ക് ഇന്‍കൗണ്ടര്‍ വരെ പ്രവേശനമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ട് നിലകള്‍ക്ക് നടുവില്‍ പണിതിട്ടുള്ള ‘മെസാനിന്‍ എന്ന ഇടത്തട്ടിലാണ് സുരക്ഷാ പരിശോധനയുള്ളത്. എഴുനൂറ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഒത്ത നടുക്ക് എക്‌സിക്യൂട്ടീവ് ലോഞ്ച്. തൂക്ക് ലോഞ്ച് എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. മുകളില്‍ നിന്നും തൂക്കിയിട്ട കമ്പികളില്‍ പിടിപ്പിച്ചിട്ടുള്ള പ്ലാറ്റ്‌ഫോമാണിത്. ഒരു കോടിരൂപയാണ് ഇവയുടെ നിര്‍മാണ ചെലവ്. അമ്പതോളം പേര്‍ക്ക് ഇവിടെയിരിക്കാം. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നവര്‍ക്കായി മൂന്ന് എയ്‌റോബ്രിഡ്ജുകള്‍. എയ്‌റോ ബ്രിഡ്ജില്‍ നിന്ന് ഇമിഗ്രേഷന്‍ ഭാഗത്ത് എത്തുന്നതിനുമുമ്പ് ഇവയുടെ സംഗമസ്ഥാനമുണ്ട് ‘കോണ്‍കോര്‍ഡ്. ഒരു വിമാനത്തിന്റെ ആകൃതിയിലുള്ള കോണ്‍കോര്‍ഡില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചറിയിക്കുവാന്‍ പടുകൂറ്റന്‍ ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.

-

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

വല്ലാര്‍പ്പാടം ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും കേരള ജനതയ്ക്കും സമര്‍പ്പിച്ചു

February 12th, 2011

കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായ വല്ലാര്‍പ്പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും കേരള ജനതക്കും സമര്‍പ്പിച്ചു. വികസനകാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകണമെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അഭ്യര്‍ത്ഥിച്ചു. വ്യവസായ വികസനത്തില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നതിനു സമ്പന്നമായ മനുഷ്യവിഭവശേഷിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സവിശേഷതകളെ ഉപയോഗിക്കാത്തതിന് ഒരു ന്യായീകരണമില്ല.

മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായി കേരളം മാറണം. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ വന്‍ തരംഗമുണര്‍ത്തുന്ന വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് രാഷ്ട്രത്തിനു സമര്‍പ്പിച്ചപ്പോള്‍ കേരളത്തിനത് അഭിമാനനിമിഷം കൂടിയായി.

കേരളത്തോടു കേന്ദ്രസര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ പ്രതീകമാണു വല്ലാര്‍പാടം കണെ്ടയ്‌നര്‍ ടെര്‍മിനലെന്നു പ്രധാനമന്ത്രി പറഞ്ഞു. പൊതുമേഖല-സ്വകാര്യ പങ്കാളിത്തം പൊതുനന്മയ്ക്ക് എങ്ങനെ പ്രയോജനകരമാകുമെന്നതിന്റെ ദൃഷ്ടാന്തമാണു പദ്ധതി. ഐക്യ അറബ് എമിറേറ്റ്‌സ് അടക്കം പശ്ചിമേഷ്യയിലെ നമ്മുടെ അയല്‍ക്കാരുമായി നാം ആഗ്രഹിക്കുന്ന അടുത്ത ബന്ധം എന്നെന്നും നിലനില്‍ക്കുമെന്നതിന്റെ സൂചകം കൂടിയാണിത്.

സാമ്പത്തിക-ലോജിസ്റ്റിക്കല്‍ ഹബ്ബായി കൊച്ചിയെ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിയുടെ ആണിക്കല്ലായും ഇതു തീരും. ഈ ടെര്‍മിനല്‍ സജ്ജമായതോടെ നമ്മുടെ കയറ്റുമതിക്കാര്‍ക്കു മെയിന്‍ലൈന്‍ കണെ്ടയ്‌നര്‍ കപ്പലുകള്‍ക്കായി കൊച്ചിയിലേക്ക് എത്തിയാല്‍ മതി. ഭാവിയില്‍ തുറമുഖാധിഷ്ഠിതമായ നിരവധി സേവന വ്യവസായങ്ങള്‍ ഇവിടെ വികസിക്കും. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ സ്ഥലത്തു നിര്‍മാണത്തിലിരിക്കുന്ന ആധുനിക എല്‍എന്‍ജി ഇറക്കുമതി, റീഗ്യാസിഫിക്കേഷന്‍ കേന്ദ്രം 2012 മാര്‍ച്ചിനകം പ്രവര്‍ത്തനസജ്ജമാ കും. 2013 ഒക്‌ടോബര്‍ ഒന്നിനു മുമ്പു പദ്ധതി പൂര്‍ണമായും കമ്മീഷന്‍ ചെയ്യും- പ്രധാനമന്ത്രി പറഞ്ഞു.

പൗരപ്രമുഖരും സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെസമാദരണീയരുമട ങ്ങുന്ന പ്രൗഢസദസിനെ സാക്ഷിയാക്കിയായിരുന്നു അറബിക്കടലിന്റെ റാണിക്കു മഹനീയ കിരീടധാരണം. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ടെര്‍മിനല്‍ വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്നലെ കമ്മീഷന്‍ ചെയ്തത്. ഇതോടെ കൊളംബോ, ദുബായി, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യാന്തര ട്രാന്‍സ്ഷിപ്‌മെന്റ് കണെ്ടയ്‌നര്‍ ടെര്‍മിനലുകളോടു കിടപിടിക്കുന്ന തുറമുഖമായി കൊച്ചി മാറി. കണെ്ടയ്‌നര്‍ ടെര്‍മിനലിനൊപ്പം പുതിയ റോഡിന്റെയും റെയിലിന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. വല്ലാര്‍പാടം ടെര്‍മിനലിന്റെ ആദ്യഘട്ടം രാജ്യത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മഖ്തൂം എന്നിവര്‍ ആമുഖപ്രസംഗം നടത്തി.

കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെതന്നെ വികസനചരിത്രത്തില്‍ ഇതൊരു സുദിനമാണെ ന്നു വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സ്ഥലം വിട്ടുനല്കിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ആ കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കു പദ്ധതിയില്‍ തൊഴില്‍ നല്കണമെന്നും ആവശ്യപ്പെട്ടു. എല്‍എന്‍ജി ടെര്‍മിനല്‍ യഥാസമയം കമ്മീഷന്‍ ചെയ്യണം. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ അലോട്ട്‌മെന്റില്‍ കേരളത്തിനു പ്രത്യേക പരിഗണന നല്കി ന്യായവില നിശ്ചയിക്കണം. മെട്രോ റെയില്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം.

പാലക്കാട്ട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും ഇടപെടണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി. കെ. വാസന്‍ സ്വാഗതം പറഞ്ഞു. ഗവര്‍ണര്‍ ആര്‍.എസ്. ഗവായി, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, വ്യോമയാന മന്ത്രി വയലാര്‍ രവി, ഉപരിതല ഗതാഗത മന്ത്രി സി.പി. ജോഷി, സഹമന്ത്രിമാരായ പ്രഫ.കെ.വി. തോമസ്, മുകുള്‍ റോയ്, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, യുഎഇ വിദേശ വ്യാപാരമന്ത്രി ഷെയ്ഖാ ലുബ്‌ന അല്‍ഖ്വാസിമി തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ബജറ്റ് 2011-അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍

February 10th, 2011

തിരുവനന്തപുരം: വി.എസ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നിര്‍വ്വഹിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് ബജറ്റ്. സംസ്ഥാനത്ത് പൊതുമേഖലയില്‍ അഞ്ച് പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റ്. സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനാണ് ബജറ്റില്‍ ഏറ്റവുമധികം ഊന്നല്‍ നല്‍കിയിട്ടുള്ളത്. അവശ ജനവിഭാഗങ്ങള്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും പുതിയ ക്ഷേമപദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള പദ്ധതികളും ബജറ്റിലുണ്ട്.

‘പാലിച്ചു വാഗ്ദാനമേറെയന്നാകിലും പാലിക്കുവാനിനിയുമുണ്ടേറെ’ എന്ന ഒ.എന്‍.വിയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റില്‍ ധന- റവന്യൂക്കമ്മി കുറഞ്ഞതായി ധനമന്ത്രി അവകാശപ്പെട്ടു. നികുതി വരുമാനം ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി വര്‍ധിച്ചു. സംസ്ഥാന കടം 70 ശതമാനം ഉയര്‍ന്നെങ്കിലും കടം പെരുകുന്നതിന്റെ തോത് ഈ സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെലവ് കൂടിയെങ്കിലും ധനക്കമ്മി പിടിച്ചു നിര്‍ത്തിയതായി ധനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യുകമ്മി 15.5 ശതമാനമായി കുറഞ്ഞെന്ന് ബജറ്റ് പറയുന്നു. 2001-2006 കാലത്ത് ഇത് 28.5 ശതമാനമായിരുന്നു. കേന്ദ്രസഹായത്തില്‍ കുറവുണ്ടായെങ്കിലും, സംസ്ഥാനത്തെ ട്രഷറി ഒരു ദിവസം പോലും അടച്ചിടേണ്ടി വന്നില്ല എന്നത്, സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ മികവായി ധനമന്ത്രി ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി ആയിരം കോടിയുടെ ബൈപ്പാസ് പക്കേജ് നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. പത്ത് സംസ്ഥാനപാതകള്‍ വികസിപ്പിക്കും. അതിനായി 1920 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ദേശീയപാതാ വികസനത്തിന് നഷ്ടപരിഹാരം നല്‍കാന്‍ 25 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് ഫണ്ട് ബോര്‍ഡിന് കീഴില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. ഈ ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസിനും വായ്പയെടുക്കാന്‍ അനുമതി നല്‍കും. പൂവാര്‍-പൊന്നാനി തീരദേശ പാത നിര്‍മിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. സംസ്ഥാനത്തെ 36 റോഡുകല്‍ രണ്ടുവരി പാതയാക്കും.

പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം, കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, മലബാര്‍ സ്​പിന്നിംഗ് ആന്‍ഡ് വീവിങ്ങില്‍ 15 കോടിയുടെ നെയ്ത്തുശാല ഉള്‍പ്പടെ അഞ്ച് പുതിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതു കൂടാതെ നിലവിലുള്ള സ്ഥാപനങ്ങള്‍ നവീകരിക്കാനുള്ള സഹായവും വകയിരുത്തിയിട്ടുണ്ട്. തൃശ്ശൂരിലെ സീതാറാം മില്‍ നവീകരണത്തിന് 20 കോടി മുതല്‍മുടക്കുമെന്ന് ബജറ്റ് പറയുന്നു. കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടിയും വകയിരുത്തിയിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന വികസനത്തിന് 10 കോടിയും, ഭൂമി ഏറ്റെടുക്കലിന് 15 കോടിയും ബജറ്റില്‍ വകയിരുത്തി. കോഴിക്കോട് വിമാനത്താവള വികസനത്തിന് 25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി തങ്കശ്ശേരി തുറമുഖ വികസനത്തിന് 160 കോടിയും, പൊന്നാനി തുറമുഖത്തിന് 761 കോടിയും വകയിരുത്തി. വിഴിഞ്ഞം പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ആ പദ്ധതിയുടെ ആദ്യഘട്ടത്തിന് 150 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 12 ജലവൈദ്യുത പദ്ധതികള്‍ക്കായി 141 കോടിയും പ്രഖ്യാപിച്ചു.

ഐ.ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടിയും, ടൂറിസത്തിന് 105 കോടിയും ബജറ്റില്‍ വകയിരുത്തി. സില്‍ക്ക് റൂട്ടിന്റെ മാതൃകയില്‍ ‘സ്‌പൈസ് റൂട്ട്’ എന്ന പേരില്‍ ഒരു പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. സ്‌പൈസ് റൂട്ട് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപ വകയിരുത്തി. ആലപ്പുഴയിലും കോഴിക്കോട്ടും കെ.ടി.ഡി.സി.ഹോട്ടലുകള്‍ക്ക് അഞ്ചുകോടി പ്രഖ്യാപിച്ചു. പട്ടണം മ്യൂസിയത്തിന് അഞ്ച് കോടിയും ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ടിന് ഒരു കോടിയും വകയിരുത്തി.

വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള പരിപാടികളും ബജറ്റില്‍ ഉള്‍പ്പെടുത്തി. റേഷന്‍കടകള്‍ വഴി 300 രൂപായുടെ കിറ്റ് 150 രൂപായ്ക്ക് നല്‍കും. അവശ്യസാധനങ്ങള്‍ ന്യായമായ വിലയ്ക്ക് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി വകയിരുത്തി. 3000 റേഷന്‍ കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേന്‍ ഫ്രാഞ്ചൈസികളാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്‌സിഡിയായി 75 കോടി അനുവദിച്ച ധനമന്ത്രി, റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉയര്‍ത്തി. ന്യായവിലയ്ക്ക് പച്ചക്കറി വിതരണം നടത്താന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന് 20 കോടി വകയിരുത്തി. 40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍. കുടുംബങ്ങളായി അംഗീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ക്ഷേമപെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയായി ഉയര്‍ത്തിയ ധനമന്ത്രി, അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയായി ഉയര്‍ത്തി. പാചകത്തൊഴിലാളികള്‍ക്കും സ്വകാര്യ ആസ്​പത്രിയിലെ നഴ്‌സുമാര്‍ക്കും ക്ഷേമനിധി പ്രഖ്യാപിച്ചു. മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് പത്തുകോടി വകയിരുത്തിയപ്പോള്‍, ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന വിഹിതം 300 രൂപയാക്കി വര്‍ധിപ്പിച്ചു. പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 2500 ല്‍ നിന്ന് 4000 രൂപയാക്കി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി രൂപ വകയിരുത്തി.

ഓരോ നവജാത ശിശുവിനും പതിനായിരം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മാരകരോഗമുള്ള കുട്ടികളുടെ ചികിത്സയ്ക്ക് ആറ് കോടി രൂപ വകയിരുത്തി, കേള്‍വിശക്തിയില്ലാത്ത കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് രണ്ട് കോടിയും. ഹൃദയം, വൃക്ക തുടങ്ങിയവയ്ക്ക് തകരാറുള്ള കുട്ടികളുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായവും ധനമന്ത്രി പ്രഖ്യാപിച്ചു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ചിതയെരിഞ്ഞിട്ടും അവസാനം പഴി സ്ത്രീകള്‍ക്കുതന്നെ

February 8th, 2011

കൊച്ചി: ട്രെയിനുകളിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സാമൂഹ്യവിരുദ്ധര്‍ കയറുന്നതിന് കാരണം സ്ത്രീകളുടെ അനാസ്ഥയാണെന്ന് റെയില്‍വെ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റെയില്‍വേ ഞെട്ടിക്കുന്ന ഈ അഭിപ്രായപ്രകടനം നടത്തിയത്. 2003ല്‍ വിമലാ കോളേജ് അധ്യാപികയായിരുന്ന ഷെറിന്‍ എന്ന കന്യാസ്ത്രീയ്‌ക്കെതിരെ നടന്ന ആക്രമണം സംബന്ധിച്ച കേസില്‍ നല്‍കിയ എതിര്‍ സത്യാവാങ്മൂലത്തിലാണ് റെയില്‍വേ വീഴ്ചകളുടെ ആരോപണം സ്ത്രീകളുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ആ കേസ് നേരത്തെ തന്നെ ഹോക്കോടതി പരിഗണിച്ചിരുന്നതാണ്. എന്നാല്‍ ഷൊര്‍ണ്ണൂര്‍ കേസിലാണ് ഇതിന് പ്രാധാന്യം ഏറുന്നത്.

സ്ത്രീകള്‍ക്ക് സഹാനുഭൂതി കൂടുതലാണ്. ട്രെയിനില്‍ ഭിക്ഷക്കാരും കച്ചവടക്കാരും വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറുന്നത് സ്ത്രീകള്‍ തടയാറില്ലെന്നും സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറാകാറില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല രാത്രിയില്‍ പോലീസുകാരെ നിയോഗിക്കുന്നത് പ്രായോഗികമല്ല. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ പോലീസിനെ നിയോഗിക്കുന്നത് പരിഗണിക്കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വനിതാ പോലീസിന് സുരക്ഷാപ്രശ്‌നങ്ങളുണ്ട്.
പുരുഷ പോലീസിനെ നിയോഗിച്ചാല്‍ അത് വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കും. ട്രെയിന്‍ ബോഗികളുടെ സുരക്ഷ റെയില്‍വെയുടെ മാത്രം ബാധ്യതയല്ല, സംസ്ഥാന സര്‍ക്കാറിന് കൂടി ബാധ്യതയുണ്ട് എന്നും സത്യവാങ്മൂലത്തില്‍ റെയില്‍വെ മുന്നോട്ടുവെക്കുന്നു.

ഷൊറണൂരിലെ സൗമ്യയുടെ ദാരുണമായ മരണത്തിന്റെ ചൂടാറുംമുന്‍പ് തന്നെ ഇത്തരത്തിലൊരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത് സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. റെയില്‍വെ ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

22 of 2410212223»|

« Previous Page« Previous « തേക്കടി ദുരന്തം: ഇന്ന്‌ സിറ്റിംഗ്‌ നടത്തും
Next »Next Page » ഐസ്‌ക്രീം സഭയില്‍; എം. എല്‍. എ. മാര്‍ അടിയുടെ വക്കില്‍ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine