കണ്ണൂര്‍: ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കണ്ണൂരില്‍ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഷാജഹാനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തു വിട്ടു. തിരഞ്ഞെടുപ്പി നോടനുബന്ധിച്ച് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന “പോര്‍ക്കളം” എന്ന പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം ഇന്നു വൈകീട്ട് ആറു മണിയോടെ ആണ് ഷാജഹാനെ ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് പി. ജയരാജന്‍ എം. എല്‍. എ. ഷാജഹാനെ ഫോണില്‍ വിളിച്ച് ഭീഷണി പ്പെടുത്തിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാജഹാന്റെ പരാതിയെ തുടര്‍ന്ന് പി. ജയരാജന്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. “പോര്‍ക്കളം” പരിപാടി ക്കിടയില്‍ പി. ശശിയുടെ പേരു പരാമര്‍ശി ച്ചതുമായി ബന്ധപ്പെട്ടാണ് സി. പി. എം. അനുഭാവികള്‍ പ്രകോപിത രായതെന്ന് പറയപ്പെടുന്നു.
മാധ്യമ പ്രവര്‍ത്തകനു നേരെയുണ്ടായ കയ്യേറ്റത്തില്‍ സാംസ്കാരിക – രാഷ്ടീയ വൃത്തങ്ങള്‍ അപലപിച്ചു. സംഭവം അങ്ങേയറ്റം വേദനാ ജനകവും, കേരളത്തിനാകെ അപമാന കരമാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല, വി. എം. സുധീരന്‍, എം. പി. വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ ഷാജഹാനെതിരെ നടന്ന കയ്യേറ്റത്തെ അപലപിച്ചു. സംഭവത്തെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്ന് അവര്‍ തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനവും നടത്തി.