- എസ്. കുമാര്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം: ‘കേരളം കാത്തിരുന്ന സൌഹൃദം‘ എന്ന പേരില്‍ ആര്‍. എസ്. എസ്. പ്രസിദ്ധീകരണമായ കേസരിയില്‍ വന്ന ലേഖനം വിവാദമായതിനെ തുടര്‍ന്ന് ആര്‍. എസ്. എസ്. നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണ സ്ഥാപനത്തില്‍ നിന്നും രണ്ടു പേര്‍ രാജി വെച്ചു. വിവാദ ലേഖനം എഴുതിയ ടി. ജി. മോഹന്‍ ദാസ് അയോധ്യ പ്രിന്റേഴ്സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും രാജി വെച്ചു. അയോധ്യ പ്രിന്റേഴ്സ് മാനേജര്‍ ടി. വി. ബാബുവും രാജി വെച്ചിട്ടുണ്ട്. കേസരിയുടെ പത്രാധിപരും ആര്‍. എസ്. എസിന്റെ നേതാവുമായ ജെ. നന്ദകുമാറും രാജി വെച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ആര്‍. എസ്. എസ്. ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
മുസ്ലിം ലീഗിനു ഭരണത്തില്‍ ഉള്ള സ്വാധീനം ചൂണ്ടിക്കാട്ടി അതിനെ പ്രതിരോധിക്കുവാന്‍ ആര്‍. എസ്. എസ്. – സി. പി. എം. സഹകരിക്കണമെന്ന് വിവാദ ലേഖനത്തില്‍ പറയുന്നു. ലേഖനം വലിയ ചര്‍ച്ചയായതോടെ സി. പി. എം. നേതാക്കള്‍ ആര്‍. എസ്. എസ്. – സി. പി. എം. സഹകരണം സാധ്യമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടും ലേഖനത്തെ തള്ളിക്കൊണ്ടും രംഗത്തെത്തിയിരുന്നു. ആര്‍. എസ്. എസിന്റെ മുഖപത്രമായ കേസരിയില്‍ സി. പി. എമ്മുമായി സഹകരിക്കുന്നതിന് ആഹ്വാനം ചെയ്യുന്ന ലേഖനം പ്രത്യക്ഷപ്പെട്ടത് ആര്‍. എസ്. എസിലെ ഒരു വിഭാഗത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ലേഖനം ആര്‍. എസ്. എസിന്റെ മുഖം നഷ്ടപ്പെടുത്തിയെന്ന് ഇവര്‍ ആരോപിച്ചു.
എന്നാല്‍ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ ഹിന്ദുക്കള്‍ക്കിടയില്‍ വലിയ തോതില്‍ അസംതൃപ്തി വളരുന്നതായി ചൂണ്ടിക്കാട്ടി ലേഖനത്തെ അനുകൂലിക്കുന്നവരും ഉണ്ട്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, തീവ്രവാദം, മതം, വിവാദം
തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി നിലകൊണ്ടതിന്റെ പേരില്‍ പ്രതിപക്ഷ നേതാവും പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗവുമായ വി. എസ്. അച്യുതാനന്ദന് സി. പി. എം. കേന്ദ്ര കമ്മറ്റിയുടെ പരസ്യ ശാസന. മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് വി. എസിനെ പാര്‍ട്ടി കേന്ദ്ര കമ്മറ്റി ശാസിക്കുന്നത്. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ പ്രതികളാക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി നിലകൊണ്ടതിന്റെ പേരിലായിരുന്നു കഴിഞ്ഞ തവണ ശാസന ലഭിച്ചത്.
വി. എസിനെതിരെ കടുത്ത അച്ചടക്ക നടപടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇത്തവണയും അതുണ്ടായില്ല. നെയ്യാറ്റിന്‍ കരയിലെ ഉപ തിരഞ്ഞെടുപ്പു ദിവസം വി. എസ്. ടി. പി. യുടെ കുടുംബത്തെ സന്ദര്‍ശിച്ചതും കൂടങ്കുളത്തെ ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്നവരെ സന്ദര്‍ശിക്കുവാനായി ശ്രമിച്ചതും വഴി വി. എസ്. പാര്‍ട്ടിയുടെ ശാസന സ്വയം ക്ഷണിച്ചു വരുത്തുകയായിരുന്നു. വി. എസിന്റെ പല നിലപാടുകൾക്കും ജനങ്ങളില്‍ വലിയ തോതില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയെ സംബന്ധിച്ച് അത് അച്ചടക്ക ലംഘനമായി മാറുകയാണ്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രതിരോധം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര എം. എല്‍. എ. ആര്‍. ശെല്‍വരാജിന് എതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. എം. എല്‍. എ. ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് സി. പി. എം. ബ്രാഞ്ച് കമ്മറ്റി അംഗം ദയാനന്ദന്‍ അഡ്വ. പി. നാഗരാജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ദേശീയ ഗ്രാമീണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ റോഡിന് അതേ സമയത്തു തന്നെ പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ അനുവദിച്ചു എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ശെര്‍ല്‍വരാജ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരാണ് ഹര്‍ജി.
കൂറുമാറി സി. പി. എമ്മിന്റെ എം.എല്‍.എ സ്ഥാനം രാജി വെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാണ് ശെല്‍വരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിന്‍ കരയില്‍ നിന്ന് മൽസരിച്ചത്.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി
അന്തിക്കാട്: അന്തിക്കാട് ചങ്കരന്‍ കണ്ടത്ത് സുബ്രമണ്യന്റെ രക്ത സാക്ഷി ദിനം സി.പി.എം. ആചരിക്കുന്നു. അടുത്തയിടെ സി. പി. എം. – സി. പി. ഐ. തര്‍ക്കങ്ങള്‍ രൂക്ഷമായ സമയത്ത് അന്തിക്കാട് തങ്ങളുടെ പ്രവര്‍ത്തകന്‍ ആയിരുന്ന സുബ്രമണ്യനെ കൊന്നത് സി. പി. ഐ. ക്കാര്‍ ആണെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ സഹോദരൻ എതിർത്തത് മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. സുബ്രമണ്യന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞത്. സുബ്രമണ്യന്റെ കൊലപാതകം അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഒരു പാര്‍ട്ടിയുടേയും സഹായം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. 1970 ഒക്ടോബര്‍ 2 നായിരുന്നു സുബ്രമണ്യന്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തില്‍ പ്രതിയാക്കപ്പെട്ട സി. പി. ഐ. പ്രവര്‍ത്തകന്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
നാളെ സി. പി. എം. ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തിക്കാട്ട് രക്തസാക്ഷി ദിനാചരണവും പ്രകടനവും പൊതു യോഗവും നടത്തുവാനാണ് തീരുമാനം.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, രാഷ്ട്രീയ അക്രമം