
വടകര: സി. പി. എമ്മും സി. പി. ഐയും പോര് മുറുകുന്നതിനിടയില്‍ റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ഒന്നിക്കാന്‍ തയ്യാറാണെന്ന് സി. പി. ഐ. നേതാവും മുന്‍മ ന്ത്രിയുമായ ബിനോയ് വിശ്വം പറഞ്ഞു. റവലൂഷണറിയുടെ ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ മുന്നോടിയായി കുഞ്ഞിപ്പള്ളിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യാത്ര ഇടത്തോട്ടേക്ക് തന്നെയാണെങ്കില്‍ ആ യാത്രയില്‍ പങ്കാളികളാകാനും തുല്യതയോടെ സംസാരിക്കാനും തയ്യാറാണെന്നാണ് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സി. പി. ഐ. യിലേക്ക് ക്ഷണിക്കുന്ന രീതിയില്‍ ബിനോയ് വിശ്വം സംസാരിച്ചത്.
അധിക കാലമൊന്നും ഇങ്ങനെ ഒറ്റപ്പെട്ട നിലയില്‍ കഴിയാന്‍ പറ്റുമെന്ന് ചിന്തിക്കണമെന്ന് റവലൂഷണറി പ്രവര്‍ത്തകരോട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴുള്ള രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളേക്കാള്‍ ഇടത്തോട്ടേക്ക് പോകാനാണ് തങ്ങളുടെ ആഗ്രഹമെന്നായിരുന്നു അധ്യക്ഷ സ്ഥാനം വഹിച്ച ഇടത് ഏകോപനസമിതി നേതാവ് കെ. എസ്. ഹരിഹരന്‍ ഇതിനു നല്‍കിയ മറുപടി. ബിനോയ് വിശ്വത്തിന്‍റെ ഈ പ്രസ്താവന ഇടത് മുന്നണിയില്‍ പല ചേരിതിരിവിനും കാരണമായി മാറാന്‍ സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍






തിരുവനന്തപുരം: പോസ്റ്റര്‍ വിവാദത്തില്‍ സി. പി. എമ്മിന്റെ നടപടി ശരിയായില്ല എന്ന പ്രസ്താവന നടത്തിയ സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പനെതിരെ സി. പി. എം നേതാക്കള്‍ രംഗത്ത്. ചന്ദ്രപ്പന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് സിപിഎം നേതാക്കളായ എം. വിജയകുമാറും, കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ചന്ദ്രപ്പന് സി. പി. എം വിരുദ്ധ അപസ്മാരമാനെന്നു ഇ. പി. ജയരാജന്‍ പറഞ്ഞു. ചന്ദ്രപ്പന് സി. പി. എമ്മിനെക്കുറിച്ച് ശത്രുക്കള്‍ പോലും പറയാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അദ്ദേഹം ഇടതുപക്ഷത്താണോ വലതുപക്ഷത്താണോ എന്ന് വ്യക്‌തമാക്കണം. കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിക്കുന്നതായി കാണാറില്ല. ഇവന്റ് മാനേജ്‌മെന്റ് കമ്പിനിയാണ് സിപിഎം സംസ്‌ഥാന സമ്മേളനം നടത്തുന്നതെന്ന ആരോപണം അദ്ദേഹം തെളിയിക്കണം. തെറ്റാണെന്ന് തെളിഞ്ഞാല്‍ മാപ്പു പറയാന്‍ തയാറാകണമെന്ന് എം. വിജയകുമാര്‍ പറഞ്ഞു. ചന്ദ്രപ്പന്‍ വസ്‌തുതാപരമായി സംസാരിക്കണം. ചന്ദ്രപ്പനോട് അദ്ദേഹത്തിന്റെ നിലവാരത്തില്‍ പ്രതികരിക്കാനില്ലെന്ന് വിജയകുമാര്‍ വ്യക്തമാക്കി.
























