തിരുവനന്തപുരം : സി. പി. എം. പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച രാത്രി എട്ടര മണിയോടെ ആയിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക് തലശ്ശേരിയിൽ.
കണ്ണൂര്‍ തലായി എല്‍. പി. സ്‌കൂള്‍ അദ്ധ്യാപകന്‍ ആയിരുന്ന കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണി ക്കുറുപ്പിന്‍റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16 ന് ജനനം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി.
പതിനാറാം വയസ്സില്‍ പാര്‍ട്ടിയിൽ അംഗമായി. സി. പി. എം. ഈങ്ങയില്‍ പീടിക ബ്രാഞ്ച് സിക്രട്ടറി, തലശ്ശേരി മുനിസിപ്പല്‍ ലോക്കല്‍ സിക്രട്ടറി, കണ്ണൂര്‍ ജില്ലാ സിക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. സി. പി. എം. ന്‍റെ അത്യുന്നത ഘടകമായ പോളിറ്റ് ബ്യൂറോ അംഗം ആയിരിക്കെയാണ് അന്ത്യം.