തിരുവനന്തപുരം: ഇരു മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ജനങ്ങള്‍ക്ക് വ്യക്തിപരമായി ഉള്ള താല്പര്യവും ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിനു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പ്രതീക്ഷ പകരുന്നു. നിലവിലെ എം.പിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ.ശശി തരൂരിര്‍ ക്രിക്കറ്റ് കോഴ വിവാദം, പാക്ക് മാധ്യമ പ്രവര്‍ത്തകയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദവും ഒടുവില്‍ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും മൂലം പ്രതിച്ഛായ മങ്ങി നില്‍ക്കുകയാണ്. പോരാത്തതിനു സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യനായ എം.പി.എന്ന ഒരു ധാരണ പരന്നതും അദ്ദേഹത്തിനു വിനയാകുന്നു. എല്‍.ഡി.ഫ് സ്ഥാനാര്‍ഥി ഡോ.ബെന്നറ്റ് അബ്രഹാമാകട്ടെ പേയ്മെന്റ് സീറ്റ് വിവാദത്തില്‍ പ്രതിച്ഛായക്ക് തിളക്കം നഷ്ടപ്പെടുകയും ചെയ്തു. സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ ശക്തമായ സമരം നടത്തിയ യുവജന വിഭാഗത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഈ സ്വാശ്രയ മെഡിക്കല്‍ കോളേജ് മുന്‍ പ്രിസിപ്പലിനെ സി.പി.ഐ സ്ഥാനാര്‍ഥിയാക്കിയത്. മണ്ഡലത്തിലെ നിര്‍ണ്ണായക ശക്തിയായ ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ അര്‍പ്പിക്കുമ്പോള്‍ തന്നെ നായര്‍-ഈഴവ വോട്ടുകള്‍ ഇടതു പക്ഷത്തുനിന്നും ബി.ജെ.പിയിലേക്ക് മാറും എന്നാണ് ഒരു വിഭാഗം രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഷ്ടീയത്തില്‍ പരിചയസമ്പന്നനല്ലാത്ത ബെന്നറ്റിനെ ജനം സ്വീകരിക്കുമോ എന്ന് പാര്‍ട്ടി പ്രവര്‍ത്തകരിലും ആശങ്കയുണ്ട്. നേരത്തെ തിരുവനന്തപുരത്ത് മത്സരിച്ചിട്ടുള്ള രാജഗോപാല്‍ പരാജയപ്പെട്ടു എങ്കിലും കേന്ദ്രമന്ത്രിയായ സമയത്ത് നടത്തിയ വികസനങ്ങളും രാഷ്ടീയമായി ഗുണം ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെമ്പാടും ഉയര്‍ന്നിട്ടുള്ള കോണ്‍ഗ്രസ്സ് വിരുദ്ധ വികാരം തിരുവനന്തപുരത്തും പ്രതിഫലിക്കും.