തിരുവനന്തപുരം: ഒ.കെ.വാസുമാസ്റ്ററുടെ നേതൃത്വത്തില്‍ കണ്ണൂരിലെ ബി.ജെ.പി വിമതരുടെ സംഘടനയായ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ സ്വീകരിക്കുവാനുള്ള സി.പി.എം കണ്ണൂര്‍ ലോബിയുടെ തീരുമാനം നടപ്പാകുന്നു. നമോ വിചാര്‍ മഞ്ചുകാര്‍ മോഡിയുടെ ആളുകളാണെന്നും നിരവധി സി.പി.എം പ്രവര്‍ത്തകരെ വധിച്ച കേസുകളില്‍ പ്രതികളായവര്‍ ഉള്‍പ്പെടുന്ന നമോ വിചാര്‍ മഞ്ചിനെ പാര്‍ട്ടിയില്‍ എടുക്കുന്നത് ദോഷം ചെയ്യുമെന്നു വി.എസ്.പരസ്യമായി പറഞ്ഞിരുന്നു. വി.എസിന്റെ വിമര്‍ശനത്തെ അവഗണിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഇവരെ പാര്‍ട്ടിയില്‍ എടുക്കുവാന്‍ തീരുമാനിച്ചു. ഇനി സംസ്ഥാന സമിതിയുടെ അംഗീകാരം കൂടെ കിട്ടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ പി.ജയരാജന്റെ നേതൃത്വത്തില്‍ നമോ വിചാര്‍ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കുകയും യോഗം കൂടുകയും ചെയ്തിരുന്നു.
നമോ വിചാര്‍ മഞ്ചിനു അനുകൂലമായി നിലപാടെടുത്ത കണ്ണൂര്‍ ലോബിയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉള്‍പ്പെടെ ഉള്ളവര്‍ വി.എസിനെ വിമര്‍ശിച്ചതായാണ് സൂചന. പരാതിയുണ്ടെങ്കില്‍ പരസ്യമായല്ല പാര്‍ട്ടി ഘടകത്തില്‍ ഉന്നയിക്കേണ്ടതെന്ന് ഒരു വിഭാഗം പറഞ്ഞു. മഞ്ചില്‍ നിന്നും പ്രവര്‍ത്തകര്‍ രാജിവെച്ചാണ് സി.പി.എമ്മില്‍ ചേരുന്നതെന്നും വി.എസ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും ഇത്തരത്തില്‍ പലരും പാര്‍ട്ടിയില്‍ വന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നമോ വിചാര്‍ മഞ്ചിനെ സ്വീകരിക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കടുത്ത നീരസമുണ്ട്. സോഷ്യല്‍ മീഡിയായിലും ഇക്കാര്യം സജീവ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സംഘപരിവാറിനും നരേന്ദ്ര മോഡിക്കും എതിരെ പാര്‍ട്ടി നിരന്തരം പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അവരില്‍ നിന്നും ഒരു സംഘത്തെ സ്വീകരിക്കുന്നത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കും എന്നതാണ് ഒരു വാദം.സി.പി.എം – ബി.ജെ.പി സംഘര്‍ഷങ്ങള്‍ അരങ്ങേറിയ നാളുകളില്‍ ഒ.കെ വാസുമാസ്റ്റര്‍ ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അന്ന് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായവര്‍ നിരവധിയാണ്. അതിനാല്‍ തന്നെ നമോ വിചാര്‍ മഞ്ചുകാരെ പാര്‍ട്ടിയില്‍ എടുക്കുന്നത് ശരിയല്ലെന്നും രക്തസാക്ഷികളോടും അവരുടെ കുടുമ്പങ്ങളോടും ചെയ്യുന്ന അനീതിയാണെന്നുമാണ് പ്രതികൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ കൈകള്‍ തളര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിലപാടിനെ ചൂണ്ടിക്കാട്ടിയാണ് അനുകൂലിക്കുന്നവര്‍ വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്. സംഘട്ടനങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി മരിച്ച നിരവധി പേര്‍ ഉണ്ടെങ്കിലും കണ്ണൂര്‍ പോലുള്ള മേഘലകളില്‍ സി.പി.എമ്മിന്റെ തീരുമാനത്തിനെതിരെ ഇവരുടെ കുടുമ്പങ്ങള്‍ രംഗത്തുവരുവാന്‍ തയ്യാറാകില്ല എന്നതാണ് ഔദ്യോഗിക വിഭാഗത്തിനു ആശ്വാസമാകുന്നത്.