കണ്ണൂര്‍: സി.പി.ഐ.എമ്മില്‍ വി.എസ്സിനെ പോലുള്ളവര്‍ ഉള്ളത് സമൂഹത്തിന് ആശ്വാസമാണെന്ന് കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന്‍. മനുഷ്യത്വം മരവിക്കാത്ത നേതാവാണ് വി.എസ്സ്. എന്നും ഒരു രാഷ്ടീയ പ്രസ്ഥാനം ആകാന്‍ പാടില്ലാത്ത വിധം സി.പി.എം. അധ:പതിച്ചിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശാപ്പുകാരന്റെ കാരുണ്യം പോലും ചന്ദ്രശേഖരന്റെ കാര്യത്തില്‍ സി.പി.എം. കാണിച്ചില്ലെന്നും ടി.പി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് വി.എസ്സിന്റെ കത്ത് ചര്‍ച്ച ചെയ്യുവാന്‍ ഉള്ള ധാര്‍മ്മിക ഉത്തരവാദിത്വം സി.പി.എമ്മിനുണ്ടെന്നും കേരളത്തില്‍ ചര്‍ച്ചയായ കത്ത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്ന് കരുതിയാണ് ചര്‍ച്ചയ്ക്കെടുക്കാത്തതെന്നും സുധീരന്‍ പറഞ്ഞു.
ടി.പി. കേസ് സി.ബി.ഐക്ക് കൈമാറുന്നതിന് കാരണം പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടാണ്. പോലീസ് സി.ബി.ഐ. എന്ന് കേള്‍ക്കുമ്പോള്‍ സി.പി.എമ്മിനു പേടിയാണ്. ടി.പി. വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. കോടതി വിധി വന്നിട്ടു പോലും അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങളോട് പറയുവാനുള്ള ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ശക്തമായ വിമര്‍ശനമാണ് സുധീരന്‍ സി.പി.എമ്മിനെതിരെ ഉന്നയിച്ചത്. സ്വന്തം അണികള്‍ക്ക് പോലും സ്വീകാര്യമല്ലാത്ത നിലപാടുമായാണ് സി.പി.എം. മുന്നോട്ട് പോകുന്നതെന്നും അണികള്‍ക്കു സ്വീകാര്യമല്ലാത്ത നിലപാടുമായി പോകുമ്പോള്‍ എങ്ങിനെ പൊതു ജനത്തിനു പാര്‍ട്ടി സ്വീകാര്യമാകും എന്നും അദ്ദേഹം ചോദിച്ചു.