തൃശ്ശൂർ: സ്ത്രീധനത്തിനുള്ള പണം അത് നൽകാൻ കഴിയാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വായ്പയായി നൽകും എന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായി. സഹകരണ മന്ത്രി സി. എൻ. ബാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയിൽ വെച്ച് ഈ പ്രസ്താവന നടത്തിയത്.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും സ്ത്രീധനം നൽകാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. സ്ത്രീധന നിരോധന നിയമം അനുസരിച്ച് അഞ്ചു വർഷത്തിൽ കുറയാത്ത തടവാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നയാൾക്ക് ശിക്ഷയുടെ നാലിലൊന്ന് ശിക്ഷയും നൽകാം. ഇത്തരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ബാദ്ധ്യസ്ഥമായ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എം. കെ. മുനീർ കൂടി സന്നിഹിതനായ ഒരു വേദിയിൽ വെച്ചാണ് സഹകരണ മന്ത്രി ഈ പ്രസ്താവന നടത്തിയത് എന്നത് പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കുന്നു.
ഈ സാഹചര്യത്തിൽ മന്ത്രിയുടെ പ്രസ്താവന ക്രിമിനൽ കുറ്റവും അതിലുപരി സത്യപ്രതിജ്ഞാ ലംഘനവും ആണെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ബാങ്കുകൾ സ്ത്രീധന വായ്പകൾ നൽകണം എന്ന സഹകരണ മന്ത്രി സി. എൻ. ബാലകൃഷ്ണന്റെ പ്രസ്താവനയെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒരു സാമൂഹിക വിപത്തായ സ്ത്രീധന സമ്പ്രദായത്തെ ന്യായീകരിക്കുകയും സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്ന തരത്തിൽ സംസാരിക്കുവാൻ ഒരു മന്ത്രിക്ക് എങ്ങനെയാണ് കഴിയുന്നത് എന്ന് അവർ ചോദിച്ചു.
മന്ത്രിയെ സ്ത്രീധന നിരോധന നിയമമനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഒരു വനിതാ സംഘടന അറിയിച്ചു.