പത്തനംതിട്ട: പാറപൊട്ടിക്കലിനെതിരെ ജനകീയ പ്രക്ഷോഭം നടക്കുന്ന പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തനോട് പത്തനം ജില്ലാകമ്മറ്റി. ഇത് സംബന്ധിച്ച് ജില്ലാ നേതൃത്വം വി.എസിനു കത്തു നല്‍കിയതായാണ് സൂചന. കൊല്ലം-പത്തനം തിട്ട അതിര്‍ത്തി പ്രദേശമായ കലഞ്ഞൂരിലെ പാറഘനനത്തിനെതിരെ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രദേശ വാസികള്‍ സമരം നടത്തി വരികയാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികള്‍ ഈ സമരത്തൊട് അനുഭാവം കാണിക്കാതെ ഖനനത്തിനു അനുകൂല നിലപാടാണ് സ്വീകരിച്ചു വരുന്നത്. സമീപ ദിവസങ്ങളില്‍ വി.എസ് കലഞ്ഞൂര്‍ സന്ദര്‍ശിക്കുവാന്‍ ഇടയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം തടസ്സവുമായി രംഗത്തെത്തിയത്. നൂറുകണക്കിനു തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു എന്നാണ് പ്രകൃതിക്കും പരിസര വാസികള്‍ക്കും ഭീഷണിയായി മാറിയ ഖനനത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. യാതൊരു തത്വദീക്ഷയുമില്ലാതെ നടക്കുന്ന പാറഖനനം ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. ഈ ഖനനത്തിനെതിരെ വി.എസ്.രംഗത്ത് വരണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.