കൊച്ചി: ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ വാതുവെപ്പുകാരില്‍ നിന്നും പണം വാങ്ങി ഒത്തുകളിനടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്‍ അറസ്റ്റിലായ ബൌളറും മലയാളിയുമായ ശ്രീശാന്തിനെതിരെ ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധം. കളിക്കളത്തില്‍ സജീവമായ കാലം മുതല്‍ നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ശ്രീശാന്ത് പക്ഷെ ഇപ്പോള്‍ ഗുരുതരമായ ആരോപണമാണ് നേരിടുന്നത്. മുംബൈയില്‍ നിന്നും ദില്ലി പോലീസ് അറസ്റ്റു ചെയ്ത ശ്രീശാന്ത് ഇപ്പോള്‍ ജയിലിലാണ്. 40 ലക്ഷം രൂപയ്ക്ക് വാതുവെപ്പുകാരുമായി ഒത്തു കളി നടത്തിയെന്നും മറ്റു കളിക്കാരെ അതിനായി പ്രേരിപ്പിച്ചു എന്നുമാണ് ശ്രീശാന്തിനെതിരെ ഉള്ള കുറ്റം. അറസ്റ്റു ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം മൂന്ന് പെണ്ണുങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
പൊതു ഇടങ്ങളിലേയും കളിക്കളങ്ങളിലേയും മാന്യമല്ലാത്ത പെരുമാറ്റം അദ്ദേഹത്തിനെതിരെ ജനങ്ങളില്‍ മതിപ്പ് കുറയുവാന്‍ ഇടവരുത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് കോഴവിവാദത്തില്‍ കുടുങ്ങിയ സന്ദര്‍ഭത്തില്‍ പലരുടേയും പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്. കളിക്കിടെ സച്ചിന്‍ ടെണ്ടുല്‍ക്കറെ തുറിച്ചു നോക്കിയതു മുതല്‍ ഒരു ചാനല്‍ നടത്തിയ ന്യൂസ്മേക്കര്‍ പരിപാടിയ്ക്കിടെ രാജ്യത്തെ അറിയപ്പെടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന പിന്നീട് എം.എല്‍.എ ആയ അല്‍ഫോണ്‍സ് കണ്ണന്താനത്തോട് മോശമായ രീതിയില്‍ പ്രതികരിച്ചതുള്‍പ്പെടെ ആളുകള്‍ പ്രതിഷേധ വാചകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു വിദേശ പര്യടനം കഴിഞ്ഞ് വരുമ്പോള്‍ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കുള്ള ക്യൂവില്‍ മറ്റു യാത്രക്കാരുടെ മുമ്പില്‍ കയറി നില്‍ക്കുവാന്‍ ശ്രമിച്ച അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസാണ് സോഷ്യല്‍ മീഡിയായില്‍ ജനങ്ങളുടെ പ്രതിഷേധത്തിനിരയായ മറ്റൊരു സെലിബ്രിറ്റി. രഞ്ജിനിയുടെ നടപടിയെ ചോദ്യം ചെയ്ത പ്രവാസിയായ ബിനോയ് ചെറിയാന്‍ എന്ന യാത്രക്കാരനു നേരെ അവര്‍ ഷട്ടപ്പ് എന്ന് പറഞ്ഞ് ആക്രോശിച്ചു. മറ്റു രണ്ടു പേരെ കൂടെ രഞ്ജിനി ക്യൂവില്‍ തിരുകി കയറ്റി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ബിനോയിയും രഞ്ജിനിയും തമ്മില്‍ വാക്‍തര്‍ക്കം ഉണ്ടായി. മറ്റു യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു. ഇതിനിടയില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പോലീസും രംഗത്തെത്തി. രഞ്ജിനിയെ അറിയില്ലേ എന്ന രീതിയിലാണ് അധികൃതര്‍ ഇടപെട്ടതെന്ന് ആരോപണമുണ്ട്. ആരായാലും ക്യൂ പാലിക്കണമെന്ന നിലപാടില്‍ ബിനോയ് ഉറച്ചു നിന്നു. തുടര്‍ന്ന് തന്നെ അസംഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് ബിനോയ്ക്കെതിരെ രഞ്ജിനി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബിനോയിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രഞ്ജിനി ക്യൂ തെറ്റിച്ച് ഇടയില്‍ കയറിയത് വ്യക്തമാകുകയും ചെയ്തു. രഞ്ജിനിയ്ക്കെതിരെ ബിനോയിയുടെ ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്.
രഞ്ജിനിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ അവരോട് മാന്യമായിട്ടാണ് സംസാരിച്ചതെന്നുമാണ് അമേരിക്കന്‍ മലയാളിയായ ബിനോയ് പറയുന്നത്. ബിനോയിയെ അനുകൂലിച്ച് രഞ്ജിനിയ്ക്കെതിരായി വന്‍ തോതില്‍ പ്രതികരണങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയാകളില്‍ വന്നു കൊണ്ടിരിക്കുകയാണ്. പ്രവാസികള്‍ വന്‍ തോതില്‍ ബിനോയിയെ അനുകൂലിക്കുന്നു. മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍കലാം ക്യൂവില്‍ ക്ഷമയോടെ തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്ന ചിത്രങ്ങളും ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.
രഞ്ജിനിയെയും ശ്രീശാന്തിനേയും പൊതു ജനം എങ്ങിനെ നോക്കിക്കാണുന്നു എന്നതിന്റെ സൂചനകളാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബൌളിങ്ങില്‍ മികവുണ്ടായിട്ടും ശ്രീശാന്തിനു ജനങ്ങളുടെ മനസ്സില്‍ ഇടം നേടുവാന്‍ ആയില്ല. അഞ്ചുവര്‍ഷത്തിലേറെയായി ജനങ്ങള്‍ കണ്ടു കൊണ്ടിരുന്ന ഒരു റിയാലിറ്റി ഷോയുടെ അവതാരകായിട്ടു പോലും രഞ്ജിനിയ്ക്കും ജന മനസ്സില്‍ ബഹുമാനമോ സ്നേഹമോ നേടുവാന്‍ ആയില്ല. ഇരുവരേയും അഹങ്കാരികള്‍ എന്ന രീതിയിലാണ് ജനമനസ്സില്‍ ഇടം കണ്ടെതെന്ന് ഇവര്‍ക്കെതിരെ ഉള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.