കണ്ണൂര്‍: നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലനകേന്ദ്രത്തിലേക്ക് നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് തീര്‍ത്ത ബാരിക്കേടുകള്‍ തര്‍ത്ത് മുന്നോട്ടു പോകുവാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതിനിടയില്‍ പോലീസിനു നേരെ കല്ലേറുണ്ടായി. അല്പ സമയത്തേക്ക് സംഘര്‍ഷം ഉണ്ടയെങ്കിലും പിന്നീട് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.13ആം തിയതി വരെ നാറത്ത് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് മാരകായുധങ്ങളും ലഘുലേഘകളും പിടിച്ചെടുത്തിരുന്നു. 21 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കര്‍ണ്ണാടക പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. അതിനിടയില്‍ ആയുധ പരിശീലന ക്യാമ്പിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചത്. ഇതിനെ ചെറുക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. എങ്കിലും ഇരുവിഭാങ്ങളും തമ്മില്‍ ഏറ്റുമുട്ടാതെ പോലീസ് ഇടപെടുകയയിരുന്നു. ഇതേ തുടര്‍ന്ന് വലിയ സംഘര്‍ഷം ഒഴിവായി.