തിരുവനന്തപുരം: കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ അമേരിക്കന്‍ സഹകരണത്തോടെ സ്ഥാപിക്കാനുദ്ദേശിക്കുന്ന ആണവ കണികാ പരീക്ഷണശാല നാടിനാപത്താണ് എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ. പശ്ചിമ ഘട്ടത്തിലെ ജൈവ വൈവിധ്യത്തിന് കൊടും ഭീഷണിയുയർത്തുന്ന ഈ പരീക്ഷണശാല ഗുരുതരമായ ഭൗമ ശാസ്ത്ര പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നു പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ നിരവധി ആരോഗ്യ – പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. മുല്ലപ്പെരിയാര്‍, ഇടുക്കി, ആനയിറങ്കല്‍ എന്നീ അണക്കെട്ടുകളുടെ സമീപ പ്രദേശത്താണ് ഭൂഗര്‍ഭ പരീക്ഷണ ശാല നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനു കേന്ദ്രം അനുമതി നല്കി കഴിഞ്ഞു. 12 അണക്കെട്ടുകളാണ് ഇടുക്കിയില്‍ ഉള്ളത്. കൂടാതെ ഈ പ്രദേശത്ത് ഇടയ്ക്കിടയ്ക്ക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അടക്കം ഭീഷണിയിലാണ്. ഇവിടെ ഇത്തരമൊരു പരീക്ഷണ ശാല ആരംഭിക്കുന്നത് ഭൗമ ശാസ്ത്രപരമായ പ്രശ്നങ്ങള്‍ക്കും കാരണമാകും. ജനവാസമുള്ള പ്രദേശമാണ് ഇത്. എന്നാല്‍ അതൊന്നും പരിഗണിക്കാതെ അതീവ രഹസ്യമായാണ് ഈ പരീക്ഷണ ശാല ആരംഭിക്കാന്‍ പോകുന്നത്. ഇവിടെ ആരംഭിക്കുന്ന പരീക്ഷണ ശാലയ്ക്ക് പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. ഇത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. പദ്ധതിക്ക് തമിഴ്നാടിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ല. ഇതു ദൂരൂഹമാണെന്നും വി. എസ്. പറഞ്ഞു. പരീക്ഷണ കേന്ദ്രത്തിലേക്കുള്ള തുരങ്കത്തിന്റെ തുടക്കം പൊട്ടിപ്പുറത്തും തുരങ്കത്തിന്റെ അവസാനം ഇടുക്കിയില്‍ മുല്ലപ്പെരിയാറിന് സമീപത്തുമാണ്. ഇത് കേരളത്തിന് വലിയ ദോഷമുണ്ടാക്കുമെന്നു വി. എസ്. കൂട്ടിച്ചേര്‍ത്തു. പ്രമുഖ ആണവ ശാസ്ത്രജ്ഞന് വി. ടി. പത്മനാഭന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ കണികാ പരീക്ഷണ ശാലയ്ക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഇന്ത്യാ ബേസ്ഡ് ന്യുട്രിനോ ഒബ്സര്‍വറ്ററി എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ശാലയ്ക്ക് ഏതാണ്ട് പതിനായിരം കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.