കൊച്ചി: സദാചാര പോലീസിനെതിരെ കിസ് ഓഫ് ലൌ എന്ന നവ മാധ്യമ കൂട്ടായമ ആഹ്വാനം ചെയ്ത ചുമ്പന സമരത്തിന് കൊച്ചിയിലെ മറൈന്‍ ഡ്രൈവും ലോ കോളേജ് പരിസരവും സാക്ഷിയായി. മറൈന്‍ ഡ്രൈവിലും ലോ കോളേജ് പരിസരത്തും വച്ച് സമരത്തിന് എത്തിയവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് യുവതികള്‍ ഉള്‍പ്പെടെ സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. ഇവരെ പിന്നീട് വിട്ടയച്ചു. സമരാനുകൂലികളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സമരാനുകൂലികള്‍ ആരോപിച്ചു.
പോലീസിന്റേയും പ്രതിഷേധക്കാരുടേയും ഇടയില്‍ വച്ചു സമരാനുകൂലികള്‍ പരസ്പരം കെട്ടിപ്പിടിച്ചും ചുമ്പിച്ചും സമരത്തെ വിജയമാക്കി.
ആയിരക്കണക്കിനു പേരാണ് ചുമ്പന സമര വേദിയായ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയിരുന്നത്. സമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. കെ. എസ്. യു., സമസ്ത, എസ്. ഡി. പി. ഐ., ശിവസേന തുടങ്ങിയ സംഘടനകള്‍ ചുമ്പന സമരത്തിനെതിരെ പ്രകടനവുമായി മറൈന്‍ ഡ്രൈവിലേക്ക് എത്തിയിരുന്നു. ഇതിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
കൊച്ചിയിലെ ചുമ്പന പ്രതിഷേധത്തിന് ഹൈദരാബാദ് സര്‍വ്വകലാശാലയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു സംഘം യുവതീ യുവാക്കള്‍ രംഗത്തു വന്നു. സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരാനുകൂലികള്‍ പരസ്പരം ചുംബിച്ചതോടെ ആര്‍. എസ്. എസ്. പ്രവര്‍ത്തകര്‍ ഇടപെട്ടു തടഞ്ഞു.
കോഴിക്കോട് ഡൌണ്‍ ടൌണ്‍ ഹോട്ടലില്‍ യുവതീ യുവാക്കള്‍ പരസ്പരം ചുമ്പിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന്റെ ഭാഗമായാണ് കിസ് ഓഫ് ലൌ എന്ന ഇന്റര്‍നെറ്റ് കൂട്ടായ്മ കൊച്ചിയില്‍ ചുമ്പന കൂട്ടായ്മ സംഘടിപ്പിച്ചത്. സദാചാര പൊലീസിനെതിരെ ഉള്ള ചുമ്പന സമരത്തെ അനുകൂലിച്ചും എതിര്‍ത്തുകൊണ്ടും ധാരാളം പ്രതികരണങ്ങള്‍ വന്നിരുന്നു.