കോഴിക്കോട്: ലോക കായിക വേദികളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ടിന്റു ലൂക്ക ഉള്‍പ്പെടെ നിരവധി പേരെ പരിശീലിപ്പിച്ച കായിക കേരളത്തിന്റെ അഭിമാനമായ പി. ടി. ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിനെതിരെ സി. പി. എം. സമരം. കെ. എസ്. ഐ. ഡി. സി. യുടെ ഇന്‍ഡ്സ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്താണ് സ്കൂള്‍. സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായെന്ന് ആരോപിച്ചാണ് സമരം. എന്നാല്‍ കെ. എസ്. ഐ. ഡി. സി. അടുത്ത കാലത്തു നടത്തിയ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലമാണ് വെള്ളക്കെട്ടെന്നാണ് ഉഷ സ്കൂളിന്റെ വിശദീകരണം.
സംസ്ഥാന സര്‍ക്കാരിന്റെ അവഗണയും ഒപ്പം സി. പി. എമ്മിന്റെ സമരവും മൂലം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഗുജറാത്തിന്റെ കായിക വികസനത്തിനായി ഉള്ള ക്ഷണം സ്വീകരിക്കുവാന്‍ പി. ടി. ഉഷ തീരുമാനിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ഉഷയെ ക്ഷണിച്ചിരുന്നു. അന്ന് പക്ഷെ ഉഷ ഗെയിംസുകളുടെ തിരക്കുകളില്‍ ആയിരുന്നു. ഇതിനിടെ നരേന്ദ്ര മോദി പ്രധാന മന്ത്രിയാകുകയും ചെയ്തു. ഗുജറാത്ത് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച പി. ടി. ഉഷ അടുത്ത മാസം 9ന് ഗുജറാത്തിലെത്തി സ്പോര്‍ട്സ് അതോറിറ്റി ഡയറക്ടര്‍ സന്ദീപ് പ്രതാപുമായി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് ഗുജറാത്ത് സ്പോര്‍ട്സ് അതോറിറ്റിയുമായി ധാരണാ പത്രത്തില്‍ ഒപ്പിടും. ഇപ്പോള്‍ സമരം നടക്കുന്ന കിനാലൂരിലെ ഉഷ സ്കൂള്‍ പോലെ മികച്ച അത്ലറ്റുകളെ വാര്‍ത്തെടുക്കുവാന്‍ ഉതകുന്ന ഒരു സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. 9 മുതല്‍ 14 വരെ ആറ് കേന്ദ്രങ്ങളില്‍ സെലക്ഷന് ട്രയലും നടത്തും.
ഗുജറാത്തിലെ സ്പോര്‍ട്സിന്റെ വികസനത്തിനായി ഞാന്‍ സഹകരിക്കും. എന്നാല്‍ താന്‍ കേരളം വിട്ട് എങ്ങും പോകുന്നില്ലെന്ന് ഉഷ വ്യക്തമാക്കി.