തിരുവനന്തപുരം: സ്‌ത്രീകളുടെ ആര്‍ത്തവത്തിനിടയ്‌ക്കുളള സുരക്ഷിതകാലത്തെ അടിസ്‌ഥാനമാക്കി വികസിപ്പിച്ചെടുത്ത ഗര്‍ഭനിരോധനമാര്‍ഗമായ സൈക്കിള്‍ ബീഡ്‌സിന്റെ ഇന്ത്യയിലെ ഉല്‌പാദനവും വിതരണവും ആരംഭിച്ചു. കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ എച്ച്.എല്‍.എല്‍. ലൈഫ്‌കെയര്‍ ആണ് ഇന്ത്യയില്‍ ഇതിന്റെ ഉല്‌പാദനവും വിപണനവും ഏറ്റെടുത്തിട്ടുളളത്. ആസൂത്രിതമല്ലാത്ത സന്താനോല്പാദനം തടയാനുള്ള അങ്ങേയറ്റം സ്വാഭാവികമായ രീതിയാണ് ഇത് എന്ന് തെളിഞ്ഞിട്ടുണ്ട്.
അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രത്യുത്‌പാദന ആരോഗ്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ആണ് ഇതു വികസിപ്പിച്ചെടുത്തത്. ആര്‍ത്തവചക്രം 26 മുതല്‍ 32 ദിവസം വരെയുള്ള സ്ത്രീകള്‍ക്കാണ് ഇത് ഉപയോഗപ്രദമായിട്ടുള്ളത്. പ്രത്യേക നിറത്തിലുളള മുത്തുകളടങ്ങിയിട്ടുളള വെറുമൊരു മാലയും ഒരു റബര്‍ വളയവും മാത്രമാണ് സൈക്കിള്‍ബീഡ്‌സിലുളളത്. ആര്‍ത്തവം തുടങ്ങുന്ന ദിവസം റബര്‍ വളയം മുത്തുകള്‍ക്കു മുകളിലൂടെ നീക്കും.
മുത്തുകളുടെ നിറം നോക്കി ചില പ്രത്യേകദിവസങ്ങളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭോല്‌പാദനത്തിനു സാധ്യതയുണ്ടാവില്ല. 95 ശതമാനം ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നതാണ് സൈക്കിള്‍ ബീഡ്‌സ്. ആര്‍ത്തവം തുടങ്ങുമ്പോള്‍ വളയം ചുവന്ന മുത്തിലായിരിക്കണം. തുടര്‍ന്നുളള ഓരോ ദിവസവും വളയം ക്രമമായി ശേഷമുളള മുത്തുകളിലേക്കു നീക്കണം. ചുവന്നതോ കറുത്തതോ ആയ മുത്തുകളിലാണു വളയമെങ്കില്‍ ഗര്‍ഭധാരണത്തിനു സാധ്യതയില്ല. അതേസമയം വെളുത്ത മുത്തിനുമേലാണ് വളയമെങ്കില്‍ ഗര്‍ഭധാരണമുണ്ടാകാം. സാധാരണഗതിയില്‍ വളയം വെളളമുത്തുകളിലെത്തുന്നത് ആര്‍ത്തവം തുടങ്ങി എട്ടു മുതല്‍ 19 വരെ ദിവസങ്ങളിലായിരിക്കും. ഈ ദിവസങ്ങളില്‍ മറ്റു പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗര്‍ഭധാരണത്തിനു അങ്ങേയറ്റത്തെ സാധ്യതയുണ്ട്.
ശാരീരികമായ മറ്റ് നിരോധനമാര്‍ഗങ്ങള്‍ പിന്നീടു പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുമെന്നു ഭയപ്പെടുന്ന നവവധൂവരന്മാര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്നതാണ് ഈ മാര്‍ഗം. എച്ച്.എല്‍.എല്‍. ലൈഫ് കെയറും അമേരിക്കയിലെ സൈക്കിള്‍ ടെക്‌നോളജീസുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഉല്പാദനവും വിപണനവും ഏറ്റെടുത്തതെന്ന് എച്ച്.എല്‍.എല്‍. ലൈഫ്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം. അയ്യപ്പന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ സൈക്കിള്‍ ബീഡ്സ് വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.