ക്വാലാലംപൂര്‍ : ഭര്‍ത്താവിന്റെ ഏത് ആഗ്രഹത്തിനും ഒരു ലൈംഗിക തൊഴിലാളിയെ പോലെ ഭാര്യ വഴങ്ങി കൊടുക്കുകയാണ് വൈവാഹിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഉള്ള വഴി എന്ന ആശയം പ്രചരിപ്പിക്കുന്ന ഒരു മലേഷ്യന്‍ വനിതാ സംഘടനയ്ക്കെതിരെ സ്ത്രീ വിമോചന പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.
ഒരു സംഘം മുസ്ലിം വനിതകള്‍ ആരംഭിച്ച “ഒബീഡിയന്റ് വൈവ്സ് ക്ലബ്” (Obedient Wives Club) ആണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിന് കാരണമായത്. പുരുഷന്റെ ലൈംഗിക ആവശ്യങ്ങള്‍ ഒരു ലൈംഗിക തൊഴിലാളിയെ പോലെ നിറവേറ്റിയാല്‍ പിന്നെ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് അയാള്‍ പോവില്ല എന്നാണ് ഇവരുടെ ന്യായം. ദൈവ ഭയമുള്ള സ്ത്രീകള്‍ ഇങ്ങനെ തങ്ങളുടെ പുരുഷന്മാരെ തൃപ്തിപ്പെടുത്തി കുടുംബത്തില്‍ സമാധാനം നില നിര്‍ത്തണം. ഭര്‍ത്താവിനെ തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇങ്ങനെ ചെയ്യുന്നത് ദൈവഭയമുള്ള ഭാര്യയുടെ ധര്‍മ്മമാണ്. ഇങ്ങനെ ചെയ്‌താല്‍ ഭര്‍ത്താവ് ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് പോവില്ലെന്ന് മാത്രമല്ല ഇത് ഗാര്‍ഹിക പീഡനം ഇല്ലാതാക്കാനും സഹായകരമാവും എന്നും ക്ലബ് പ്രസിഡണ്ട് റൊഹായ മുഹമ്മദ് പറയുന്നു.
ക്ലബ് പ്രസിഡണ്ട് റൊഹായ മുഹമ്മദ്
ഇതിനാവശ്യമായ പഠന ക്ലാസുകളും മറ്റും നല്‍കുന്ന ക്ലബ്ബില്‍ മറ്റ് മതസ്ഥര്‍ക്കും ഈ ക്ലാസുകളില്‍ പങ്കെടുത്ത് തങ്ങളുടെ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ പഠിക്കാം എന്നും ഇവര്‍ ഉപദേശിക്കുന്നുണ്ട്.
പുരുഷന്റെ അധമ വാസനകളെ ന്യായീകരിച്ച് സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്ത്രീയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ പഴി ചാരി തങ്ങളുടെ വികലതകള്‍ക്ക് ന്യായീകരണം കാണുന്നത് ലൈംഗിക അസമത്വം ഏറെയുള്ള സമൂഹങ്ങളുടെ സ്വഭാവമാണ്. ഒരു ബലാല്‍സംഗം നടന്നാല്‍ പോലും സ്ത്രീയുടെ വസ്ത്രധാരണ രീതി മാറ്റിയാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ല എന്നാണ് ഇത്തരക്കാരുടെ വാദം. ഗാര്‍ഹിക പീഡനം തടയാന്‍ ഭാര്യ ഭര്‍ത്താവിന്റെ ലൈംഗിക അടിമയാകണം എന്നൊക്കെ പറയുന്ന ചിന്താഗതി സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും നാണക്കേട് ഉണ്ടാക്കുന്നതാണ്. തന്റെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറയാന്‍ പോലും ചങ്കൂറ്റം കാണിക്കാന്‍ ആവാത്ത പുരുഷന്മാര്‍ക്ക് മാത്രമേ സ്ത്രീയുടെ മേല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാവൂ എന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.