ന്യൂവേവ് സിനിമാ തരംഗത്തിന്റെ തുടക്കക്കാരില്‍ ഒരാളായ ചലച്ചിത്ര ഇതിഹാസം ക്ലാദ് ഷാബ്രോള്‍ (80) അന്തരിച്ചു. ഗോര്‍ദാദ്, എറിക് റോമര്‍ തുടങ്ങി യവര്‍ക്കൊപ്പം അമ്പതുകളിലെ നവ സിനിമാ തരംഗത്തിനു തുടക്കമിടുകയും, പിന്നീട് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഷാബ്രോളിന്റെ “ലേബ്യൂസേര്‍ജ്” എന്ന സിനിമയെ ആദ്യ നവ തരംഗ സിനിമയെന്ന് ഒട്ടേറെ നിരൂപകര്‍ വിലയിരുത്തി. 1958-ല്‍ ആയിരുന്നു ഈ ചിത്രം ഒരുക്കിയത്.
“അണ്‍ഫെയ്ത്ത് ഫുള്‍ വൈഫ്, “വയലറ്റ് നോസിയെ”, “ദിസ് മാന്‍ മസ്റ്റ് ഡൈ”, “ദ ബുച്ചര്‍”, “സ്റ്റോറി ഓഫ് വിമണ്‍” തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1969-ല്‍ സംവിധാനം ചെയ്ത “ലെസ് കസിന്‍സിനു“ ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ “ഗോള്‍ഡാന്‍ ബെയര്‍“ പുരസ്കാരം ലഭിച്ചിരുന്നു.
1930 ജൂണ്‍ 24-നു പാരീസില്‍ ജനിച്ച ഷാബ്രോള്‍ സാഹിത്യത്തിലും ഫാര്‍മസിയിലും പഠനം നടത്തിയിരുന്നു. സിനിമയുടെ ലോകത്തേയ്ക്ക് എത്തിയപ്പോള്‍ സാമ്പ്രദായിക രീതികളില്‍ നിന്നും വിഭിന്നമായ ചിത്രങ്ങള്‍ ഒരുക്കുന്നതിനെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അന്നത്തെ യൂറോപിന്റെ പ്രത്യേകിച്ചും ഫ്രാന്‍സിന്റെ രാഷ്ടീയവും, സാമൂഹികവും, സാമ്പത്തികവുമായ അവസ്ഥകളെ ന്യൂവേവ് സിനിമകള്‍ വിചാരണ ചെയ്തു. എഡിറ്റിങ്ങ്, ലൈറ്റിങ്ങ്, ആഖ്യാന ശൈലി തുടങ്ങിയവയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നിരന്തരമയി അദ്ദേഹം കൊണ്ടു വന്നു. സംവിധാനവും തിരക്കഥാ രചനയും കൂടാതെ സിനിമയെ പറ്റി നിരവധി ലേഖനങ്ങളും ഷാബ്രോള്‍ എഴുതി.
അമ്പതു വര്‍ഷത്തെ സിനിമാ ജീവിത ത്തിനിടയില്‍ 80 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വാര്‍ദ്ധക്യത്തിലും സിനിമാ രംഗത്ത് സജീവമായിരുന്നു ഷാബ്രോള്‍ 2009-ല്‍ പുറത്തിറങ്ങിയ “ബെല്ലാമി” ആണ് അവസാന ചിത്രം.ഷാബ്രോളിനു നാലു മക്കളാണ് ഉള്ളത്. തന്റെ സിനിമകളിലെ നായികയായിരുന്ന സ്റ്റിഫാനി ഔഡ്രാനെ യടക്കം മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary, world-cinema