ന്യൂഡല്‍ഹി : അഴിമതി വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കണം എന്ന ആവശ്യവുമായി പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അന്നാ ഹസാരെ ഇന്ന് മുതല്‍ പാര്‍ലമെന്റിനു മുന്‍പില്‍ മരണം വരെ നിരാഹാരം ആരംഭിച്ചു. സര്‍ക്കാര്‍ കൊണ്ട് വരുന്ന ലോക്പാല്‍ ബില്‍ അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പരാജയമാണെന്നും ഇത് ബില്ലിന്റെ ഉദ്ദേശത്തെ തന്നെ പരാജയപ്പെടുത്തുമെന്നും ഹസാരെ ചൂണ്ടി കാണിക്കുന്നു.
ഇതിനു പരിഹാര നിര്‍ദ്ദേശങ്ങളുമായി നിയമ വിദഗ്ദ്ധരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപം നല്‍കിയ “ജന ലോക്പാല്‍ ബില്‍” നടപ്പിലാക്കണം എന്ന് ഹസാരെ ആവശ്യപ്പെടുന്നു. കര്‍ണ്ണാടക ലോകായുക്ത ജഡ്ജി സന്തോഷ് ഹെഗ്‌ഡെ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, സാമൂഹ്യ പ്രവര്‍ത്തക കിരണ്‍ ബേദി, വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് ജന ലോക്പാല്‍ ബില്ലിന്റെ ശില്‍പ്പികള്‍.
അഴിമതിക്കാരെ കര്‍ശനമായി ശിക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ഉള്ള ജന ലോക്പാല്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ജനങ്ങളോട് തങ്ങളുടെ പ്രദേശങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ ഹസാരെ ആഹ്വാനം ചെയ്തിട്ടുണ്ട്.
- ജെ.എസ്.