നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും, മഞ്ജുവാര്യരും ഒരുമിക്കുക അതും സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍. മലയാളി പ്രേക്ഷകനെ സംബന്ധിച്ച് ഒരു സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയരുവാന്‍ വേറെ എന്തു വേണം? ആ പ്രതീക്ഷകള്‍ക്ക് ചിറകേകിക്കൊണ്ട് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ട്വീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഓണ്‍ലൈനില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
വനിതാ രത്നം മാഗസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത് എന്‍.പിള്ള എന്ന കഥാപാത്രമായാണ് മോഹന്‍ ലാല് അഭിനയിക്കുന്നത്. കുടുംബകോടതിയിലെ അഭിഭാഷക ദീപ എന്ന കഥാപാത്രമായി മഞ്ജുവും. ഇവര്‍ക്കൊപ്പം ഡോ.മീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബഹ്‌റിനില്‍ നിന്നും സുന്ദരിയായ ശ്രീകുട്ടി രമേശ് എന്ന പുതുമുഖവും എത്തുന്നു. വിനീത് എന്‍.പിള്ളയുടേയും അഡ്വ.ദീപയുടേയും ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിവുമായാണ് ഡോ.മീരയുമായുള്ള കണ്ടുമുട്ടല്‍. നാടകത്തിലും സീരിയലിലും ശ്രദ്ധിക്കപ്പെട്ടുവരുന്ന ശ്രീക്കുട്ടിയുടെ അരങ്ങേറ്റ ചിത്രം കൂടെയാണ് എന്നും എപ്പോഴും.ലാലും മഞ്ജുവും ചേരുമ്പോള്‍ അഭിനയത്തിന്റെ മത്സരപ്പൂരമാണ് നടക്കുക എന്ന് ആര്‍ക്കും ഊഹിക്കാം.ഇവര്‍ക്കൊപ്പം ലെന, ഇന്നസെന്റ്, റിനു മാത്യൂസ്, ഗ്രിഗറി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കുടുമ്പ പ്രേക്ഷരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പതിവ് രീതിതന്നെയാണ് ഈ ചിത്രത്തിലും സത്യന്‍ അന്തിക്കാട് അവലംബിച്ചിരിക്കുന്നത്. സാധാരണ സത്യന്‍ ചിത്രങ്ങളില്‍പശ്ചാത്തലമാകുന്ന മിഡില്‍ ക്ലാസില്‍ നിന്നും ഇത്തവണ അല്പം കൂടെ മുന്നോട്ട് പോയിട്ടുണ്ടെന്ന് മാത്രം. മനസ്സിനക്കരെ,അച്ചുവിന്റെ അമ്മ ഉള്‍പ്പെടെ ഒട്ടേറേ മികച്ച തിരക്കഥകള്‍ ഒരുക്കിയിട്ടുള്ള രഞ്ജന്‍ പ്രമോദ് ആണ് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നീല്‍ഡി കുഞ്ഞ ആണ് ഛായാഗ്രാഹകന്‍. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിര്‍ക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്നു. മാര്‍ച്ച് 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.