ഹൈദരാബാദ്: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രമുഖ തെന്നിന്ത്യന്‍ നടി പോലീസില്‍ ഹാജരായി. ഒരു ഹോട്ടലില്‍ നിന്നും കാണാതായ തെന്നിന്ത്യന്‍ നടി അഞ്ജലി ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായത്. തിരക്കേറിയ ഷൂട്ടിങ്ങ് ഷെഡ്യൂള്‍ മൂലം ഉണ്ടായ മാനസ്സിക സമ്മര്‍ദ്ദത്തില്‍ നിന്നും ഒഴിഞ്ഞു വിശ്രമിക്കുവാനായി താന്‍ മുംബയ്ക്ക് പോയതാണെന്ന് നടി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച മുതല്‍ അഞ്ജലിയെ കാണാന്‍ ഇല്ലെന്ന് കാണിച്ച് സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് അന്വേഷണം നടന്നു വരികയായിരുന്നു. വളര്‍ത്തമ്മയും ഒരു സംവിധായകനും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായി നടി ആരോപിച്ചിരുന്നു. താന്‍ സുരക്ഷിതയാണെന്നും രണ്ടാനമ്മയുടെ പീഢനം സഹിക്കാതെയാണ് താന്‍ നാടുവിട്ടതെന്നും ഒരു രഹസ്യ കേന്ദ്രത്തിലാണെന്നും അഞ്ജലി നേരത്തെ അറിയിച്ചിരുന്നു.